അമ്മ നൽകിയ പാട്ടുമായി ജിസ് മരിയ
Saturday 11 February 2023 12:15 AM IST
കൊച്ചി: ഇടുക്കിക്കാരി ജിസ് മരിയ ജോർജ് എം.ജി സർവകലാശാലാ യുവജനോത്സവത്തിലെ ലളിതഗാന മത്സരവേദിയിലെത്തിയത് അമ്മ ലിൻസി തിരഞ്ഞെടുത്ത് നൽകിയ പാട്ടുമായി. രാധികേ ഘനശ്യാമ വർണന്റെ......... എന്ന് തുടങ്ങുന്ന ഗാനമാണ് ജിസ് മരിയ ആലപിച്ചത്.
കൂലിപ്പണിക്കാരനായ അച്ഛൻ ജോർജും അമ്മ ലിൻസിയും സഹോദരങ്ങളായ ആൽബിനും ബിപിനും ഉൾപ്പെട്ടതാണ് ജിസിന്റെ കുടുംബം. അമ്മയും രണ്ട് സഹോദരങ്ങളും പാടും.
ശാസ്ത്രീയമായി സംഗീതം പഠിക്കുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുള്ളതിനാലാണ് അമ്മയെക്കൊണ്ട് പാട്ട് സെലക്ട് ചെയ്യിച്ചതെന്ന് ജിസ് മരിയ പറഞ്ഞു.
തൊടുപുഴ ഉടുമ്പന്നൂർ സ്വദേശിനിയായ ജിസ് പത്തനംതിട്ട എസ്.സി.എ.എസ് കോളേജിലെ ഒന്നാം വർഷ എം.എസ്.ഡബ്ല്യൂ വിദ്യാർത്ഥിനിയാണ്. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി തല യുവജനോത്സവങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്.