വേനൽ തുടക്കത്തിലേ വരണ്ടുണങ്ങി അട്ടപ്പാടി
അഗളി: വേനൽക്കാലത്തിന്റെ ആരംഭത്തിൽ തന്നെ അട്ടപ്പാടി മേഖലയിലെ പ്രധാന കുടിവെള്ള സ്ത്രോതസുകളെല്ലാം വറ്റിവരണ്ടു. സൈലന്റ് വാലിയിൽ നിന്നുത്ഭവിച്ച് അട്ടപ്പാടിയിലൂടെ ഒഴുകുന്ന ഭവാനിപ്പുഴയാണ് അട്ടപ്പാടിയുടെ പ്രധാന കുടിവെള്ള സ്ത്രോതസ്. ജനുവരിയിൽ തന്നെ പുഴയിലെ നീരൊഴുക്ക് നിലച്ച മട്ടാണ്.
പല ഊരുനിവാസികളും അലക്കാനും കുളിക്കാനും പുഴയിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. കുടിവെള്ള പദ്ധതികളിലൂടെ ലഭിക്കുന്ന വെള്ളം വീടുകളിൽ പാചകത്തിന് പോലും പൂർണ്ണമായും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് ആദിവാസികൾ പറയുന്നു.
മഴക്കാലത്ത് കരകവിഞ്ഞൊഴുകിയിരുന്ന പുഴയിൽ വേനൽ തുടങ്ങിയതോടെ ഓരോ തുരുത്തുകളിൽ മാത്രമാണ് വെള്ളമുള്ളത്. വനത്തിനുള്ളിൽ വെള്ളം ലഭിക്കാതെ ആനകളടക്കം നിരവധി വന്യമൃഗങ്ങൾ ജനവാസ മേഖലകളിലൂടെ പുഴയിലേക്ക് എത്തുന്നത് പതിവാണ്.
ഭവാനിക്ക് പുറമേ അട്ടപ്പാടിയിലൂടെ ഒഴുകുന്ന ശിരുവാണി പുഴയിലെയും സ്ഥിതി വ്യത്യസ്തമല്ല. കുടിവെള്ളത്തിന് പുറമേ ജലസേചനത്തിനും കൃഷി ആവശ്യങ്ങൾക്കും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് ഈ പുഴകളെയാണ്. വലിയ മോട്ടോർ പമ്പുകൾ വച്ച് തോട്ടങ്ങൾ നനയ്ക്കുന്നതിന് പുഴയിൽ നിന്ന് സ്വകാര്യവ്യക്തികൾ അമിതമായി ജലചൂഷണം നടത്തുന്നതും പുഴയിൽ തമിഴ്നാടിന്റെ ഉടമസ്ഥതയിലുള്ള ഡാമുകളിൽ നിന്ന് വെള്ളം തുറന്ന് നൽകാത്തതും വേനലിൽ അട്ടപ്പാടിയിലെ കുടിവെള്ള പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. ചെറുതും വലുതുമായ അട്ടപ്പാടിയിലെ മിക്ക കുടിവെള്ള പദ്ധതികളും പുഴയിലെ ജലനിരപ്പിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.