കേരള ഗാന്ധിക്ക് തവനൂരിൽ പൂർണ്ണകായ പ്രതിമ

Saturday 11 February 2023 12:29 AM IST

കുറ്റിപ്പുറം: കേരള ഗാന്ധി കെ. കേളപ്പന് തവനൂരിൽ പൂർണ്ണകായ പ്രതിമ ഒരുങ്ങുന്നു. നാളെ രാവിലെ പത്തിന് തവനൂർ കാർഷിക സർവകലാശാല അങ്കണത്തിൽ മന്ത്രി പി. പ്രസാദ് അനാച്ഛാദനം നിർവഹിക്കും. തവനൂർ കാർഷിക സർവകലാശാലയാണ് പ്രതിമ നിർമ്മാണത്തിന് മുൻകൈയെടുത്തത്. 10 ലക്ഷത്തോളം രൂപയാണ് നിർമ്മാണത്തിന് ചെലവായത്.

സിനിമ കലാസംവിധായകൻ കൂടിയായ ത്യാഗരാജൻ എന്ന ത്യാഗു തവനൂരാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹത്തിന്റെ പ്രവർത്തനം. കേളപ്പജിയുടെ പ്രതിമ നിർമ്മിക്കുകയെന്നത് ത്യാഗുവിന്റെ കുട്ടിക്കാലത്തേയുള്ള ആഗ്രഹമായിരുന്നു. സിമന്റും കമ്പിയും മണലും ഉപയോഗിച്ചാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ആറുമാസത്തോളം സമയമെടുത്തു. കൊറോണക്കാലത്ത് തുടങ്ങിയ നിർമ്മാണം പലതവണയായാണ് പൂർത്തിയാക്കിയത്.

കെ. കേളപ്പന്റെ കർമ്മഭൂമിയായിരുന്നു തവനൂർ.