അപകടാവസ്ഥയിലായ കെട്ടിടം യാത്രക്കാർക്ക് ഭീഷണി
ചാത്തന്നൂർ: ചാത്തന്നൂർ പൊലീസ് സ്റ്റേഷന് കിഴക്ക് ഭാഗത്ത് വലിയപള്ളി റോഡിനോട് ചേർന്ന് അപകടാവസ്ഥയിലായ കെട്ടിടം യാത്രക്കാർക്ക് ഭീഷണിയാകുന്നു. ചുറ്റുമതിൽ തന്നെ ഭിത്തിയാക്കി നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ അടിത്തറ ഏതാണ്ട് പൂർണമായി തകർന്ന അവസ്ഥയിലാണ്. കുറച്ചുഭാഗം നാളുകൾക്കുമുമ്പ് തകർന്നു വീഴുകയും ചെയ്തു.
എന്നാൽ, ഏതു നിമിഷവും നിലംപൊത്താവുന്ന കെട്ടിടത്തിന്റെ ഉടമസ്ഥനോ അധികൃതരോ
അപകടം ഒഴിവാക്കാനോ സംരക്ഷിക്കാനോ ഇതുവരെ മുന്നോട്ടുവന്നിട്ടില്ല.
ദേശീയപാതയിൽ നിന്ന് ചാത്തന്നൂർ കുമ്മല്ലൂർ റോഡിലേയ്ക്കും തിരികെയും നിരവധി വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന വഴിയാണിത്. വലിയപള്ളിയിലേയ്ക്ക് പോകുന്നവരും ഈ വഴിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കെട്ടിടത്തിന്റെ അപകടാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ചാത്തന്നൂർ സിറ്റിസൺ ഫോറം പ്രസിഡന്റ് ജി.ദിവാകരന്റെ നേതൃത്വത്തിൽ റവന്യൂ, ഗ്രാമപ്പഞ്ചായത്ത്, പൊലീസ് അധികൃതർക്ക് പരാതി നൽകി.