കാൻസർ രോഗികൾക്ക് കേശം ദാനം ചെയ്ത് വിദ്യാർത്ഥികൾ

Saturday 11 February 2023 12:39 AM IST
കോഴിക്കോട് പ്രൊവിഡൻസ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കാൻസർ രോഗികൾക്കായി സ്‌കൂൾ വിദ്യാർത്ഥികൾ കേശദാനം നടത്തുന്നു.

കോഴിക്കോട്: കാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകി മാതൃകയായി വിദ്യാർത്ഥികൾ. പ്രൊവിഡൻസ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളാണ് എൻ.എസ്.എസിന്റെ ഭാഗമായി സാമൂഹ്യ പ്രതിബദ്ധതയുടെ പുത്തൻ മാതൃക തീർത്തത്. സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് പൊന്നുപോലെ നോക്കി വളർത്തിയ മുടി സൗന്ദര്യത്തെ ബാധിക്കുമോയെന്ന ആശങ്കയില്ലാതെ മുറിച്ചു നൽകിയത്. കാൻസർ ചികിത്സയ്ക്കിടെ മുടി കൊഴിയുന്ന രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിന് ഈ മുടി ഉപയോഗിക്കും.ഹെയർ ബാങ്കായ മിറാകിൾ ചാരിറ്റബിൾ അസോസിയേഷന് മുടി കൈമാറി. പ്രൊവിഡൻസ് സ്കൂൾ മദർ സുപ്പീരിയർ ആൻഡ് ലോക്കൽ മാനേജർ മരിയ പൂർണ്ണിമ എ.സി വളണ്ടിയർ ഹന്ന ഷെറിന്റെ കേശം മുറിച്ച് ഉദ്ഘാടനം ചെയ്തു. 8 പേരാണ് ചടങ്ങിൽ വച്ച് മുടി മുറിച്ച് നൽകിയത്. ബാക്കിയുള്ളവർ നേരത്തെ മുറിച്ച മുടി ചടങ്ങിൽ കെെമാറി.

പി.ടി എ പ്രസിഡന്റ് സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.സിസ്റ്റർ സിൽവി ആന്റണി സ്വാഗതം പറഞ്ഞു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഐറിൻ ഫ്രാൻസിസ് വി, പ്രധാനദ്ധ്യാപിക സിസ്റ്റർ മരിയ രേഖ, മദർ പി.ടി.എ പ്രസിഡന്റ് സി സ്റ്റർ അലീഷ എ.ഐ എന്നിവർ പ്രസംഗിച്ചു.