വൈകിയോടുന്ന മത്സരങ്ങൾ

Saturday 11 February 2023 12:42 AM IST

കൊച്ചി: ആദ്യദിനം മുതലുള്ള തെറ്റിയ സമയക്രമം മൂന്നാംദിനവും തുടർന്നു. മത്സരങ്ങൾ ആരംഭിക്കാനും അവസാനിക്കാനും വൈകുന്നതോടെ മത്സരാർത്ഥികൾ ബുദ്ധിമുട്ടിലാകുന്നു. പുല‌ർച്ച വരെ നീളുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ ഉറക്കം കളഞ്ഞ് കാത്തിരിക്കേണ്ടിവരുന്നത് പല മത്സരാർഥികളിലും ശാരീരിക അസ്വാസ്ഥ്യങ്ങൾക്ക് കാരണമാകുന്നുണ്ട്. വിവിധ നൃത്തങ്ങൾ അടക്കം 19 ഇനം മത്സരങ്ങൾ നടക്കേണ്ടിയിരുന്ന ഇന്നലെ ഭൂരിഭാഗവും വൈകിയാണ് ആരംഭിച്ചത്. പ്രധാന വേദിയായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ രാവിലെ ഒമ്പതിന് ആരംഭിക്കേണ്ടിയിരുന്ന നാടോടിനൃത്തം രണ്ട് മണിക്കൂറോളം വൈകി. രണ്ടാംദിനം വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മോഹിനിയാട്ടം ഇന്നലെ 11 മണിക്കാണ് തുടങ്ങിയത്. അത് 12.30 വരെ നീണ്ടു. മേക്കപ്പ് ചെയ്ത് 13 മണിക്കൂറോളം വിദ്യാർത്ഥികൾ ഉറങ്ങാതെ നേരം വെളിപ്പിക്കുകയായിരുന്നു. വേദി ആറിൽ നടക്കേണ്ടിയിരുന്ന കാർട്ടൂൺ മത്സരവും വൈകി. രണ്ടാം വേദിയായ ലാ കോളജിൽ കുച്ചിപ്പുടി മത്സരങ്ങളും മുൻ നിശ്ചയിച്ച സമയത്തിൽ നിന്നും വൈകിയാണ് ആരംഭിച്ചത്.