ആറുവരിപ്പാത നിർമ്മാണം: വേങ്ങേരി റോഡ് അടച്ചു എത്ര നാൾ അടച്ചിടും...ആശങ്കയോടെ ജനങ്ങൾ

Saturday 11 February 2023 12:45 AM IST
ആറുവരിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് നഗരത്തിലേക്കുള്ള റോഡ് അടച്ചതോടെ വേങ്ങേരി ജംഗ്ഷനിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്

കോഴിക്കോട്: ദേശീയപാത 66-ൽ വേങ്ങേരി ജംഗ്ഷനിൽ ആറുവരിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് നഗരത്തിലേക്കുള്ള റോഡ് അടച്ചതോടെ വീർപ്പുമുട്ടി ജനങ്ങൾ. റോഡ് അടച്ചത് അറിയാത്തതും ട്രാഫിക് പൊലീസിൽനിന്ന് ലഭിച്ച അറിയിപ്പിലെ അവ്യക്തതയുംകാരണം ഇപ്പോഴും ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ബാലുശ്ശേരി ഭാഗത്തേക്കുള്ള ബസുകളും സ്വകാര്യ വാഹനങ്ങളും കരിക്കാംകുളം- കൃഷ്ണൻ നായർ റോഡ് -മാളിക്കടവ് വഴി തണ്ണീർപന്തലിൽ എത്തിച്ചേർന്ന് പോകണം. ചരക്ക് വാഹനങ്ങളും മറ്റും കാരപ്പറമ്പ് ബൈപ്പാസ്- കുണ്ടൂപറമ്പ് - തണ്ണീർപന്തൽ വഴി ബാലുശ്ശേരി ഭാഗത്തേക്കും തിരികെ അതേ വഴി കോഴിക്കോട്ടേക്കും പോകണമെന്നുമാണ് നിർദേശമുണ്ടായിരുന്നത്. ബാലുശ്ശേരിയിൽ നിന്നും കോഴിക്കോട്ടേക്ക് വരുന്ന ബസുകൾ തണ്ണീർപന്തൽ -മാളിക്കടവ്- കരിക്കാംകുളം വഴിയും സ്വകാര്യ വാഹനങ്ങൾ മൂട്ടോളിയിൽ നിന്നും തിരിഞ്ഞ് പൊട്ടമുറി- പറമ്പിൽ ബസാർ -തടമ്പാട്ടുതാഴം വഴിയാണ് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടത്. എന്നാൽ ഇതു വഴിയല്ലാതെയും ബാലുശ്ശേരി നിന്ന് വരുന്ന വാഹനങ്ങൾ മലാപ്പറമ്പ് സിവിൽ വഴിയും പോകുന്നുണ്ട്. ഇതോടെ ഇവിടങ്ങളിൽ ഗതാഗതക്കുരുക്കും രൂക്ഷമായിരിക്കുകയാണ്. സാധാരണ ഇതുവഴിയുള്ള വാഹനങ്ങൾക്കൊപ്പം ബാലുശ്ശേരി നിന്നുള്ള വാഹനങ്ങൾ കൂടിയായതോടെ രാവിലെയും വെെകീട്ടും വാഹനങ്ങളുടെ നീണ്ട നിരയാണ് ഇവിടെയുണ്ടാകുന്നത്. ദേശീയപാതയിൽ പണിനടക്കുന്ന ഭാഗത്ത് ഗതാഗതം ഒരുഭാഗത്തുകൂടിയാക്കിയും നിയന്ത്രണവുമുണ്ട്. മൂന്നുമാസത്തോളം നിയന്ത്രണം തുടരുമെന്നാണ് നിലവിൽ ദേശീയപാത ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്. എന്നാൽ റോഡ് പ്രവൃത്തി നീളുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. വേങ്ങേരി അടിപ്പാത നിർമാണത്തിന്റെ ഭാഗമായി നിലവിലുള്ള റോഡ് 7 മീറ്റർ താഴ്ത്തുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം റോഡ് അടച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. 2 ദിവസം മുമ്പ് മുന്നറിയിപ്പില്ലാതെ ഈ ഭാഗം റോഡ് അടച്ചിരുന്നു.

ബൈപാസിൽ ഗതാഗതം കുറയ്ക്കുന്നതിനായി വെങ്ങളം, പൂളാടിക്കുന്ന്, മലാപ്പറമ്പ്, സിവിൽ സ്റ്റേഷൻ എന്നീ പ്രധാന സ്ഥലങ്ങളിലും മറ്റ് 4 റോഡുകളിലും പുതിയ ദിശാബോർഡുകൾ സ്ഥാപിച്ചിട്ടുമുണ്ട്.