ടിക്കറ്റില്ലെങ്കിൽ നടപടി

Saturday 11 February 2023 12:46 AM IST

പാലക്കാട്: ഒലവക്കോട് റെയിൽവേ കോളനിയിൽ നിന്ന് ടൗൺ സ്റ്റാൻഡിലേക്കുള്ള സ്വകാര്യ ബസുകളിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകാത്തതിൽ നടപടി സ്വീകരിക്കുമെന്ന് താലൂക്ക് വികസന സമിതി യോഗം. ബസുകൾ ടൗൺ സ്റ്റാൻഡിൽ വരാതെ സ്റ്റേഡിയം സ്റ്റാൻഡിൽ യാത്രക്കാരെ നിർബന്ധപൂർവം ഇറക്കിവിടുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ആർ.ടി.ഒ പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. പാലക്കാട് റെയിൽവേ സ്റ്റേഷന് മുന്നിൽ നിർമ്മിച്ച സ്റ്റോപ്പിൽ ബസുകൾ നിറുത്തുന്നില്ലെന്നും പരാതിയുയർന്നു. ജില്ലാ ആശുപത്രി കവാടത്തിൽ ഓട്ടോകൾ നിറുത്തുന്നത് അത്യാഹിത വിഭാഗത്തിലേക്ക് എത്തുന്ന രോഗികൾക്ക് ബുദ്ധിമുട്ടാകുന്നതായും ഓൺലൈൻ ഫുഡ് ഡെലിവറിക്കാർ യൂണിഫോം, ഐഡന്റിറ്റി കാർഡ് എന്നിവ ഇല്ലാതെ വരുന്നതായും യോഗത്തിൽ രാഷ്ട്രീയ പ്രതിനിധികൾ അറിയിച്ചു. ഇക്കാര്യം പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകൾ റിപ്പോർട്ട് ലഭ്യമാക്കണമെന്ന് ആർ.ഡി.ഒ ഡി.അമൃതവല്ലി നിർദേശിച്ചു. രാമശ്ശേരി പൈതൃക കുന്ന് സംരക്ഷിക്കുന്നതിന് സർക്കാറിനോടാവശ്യപ്പെടും. എലപ്പുള്ളി പഞ്ചായത്തിൽ ജലജീവൻ മിഷൻ വാട്ടർ ടാങ്കിലെ നിർമ്മാണ പ്രവർത്തി ഉടനെ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. മലമ്പുഴ ബ്ലോക്ക് പ്രസിഡന്റ് വി.ബിജോയ് അദ്ധ്യക്ഷനായി. തഹസിൽദാർ ടി.രാധാകൃഷ്ണൻ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.