മഹാരാജാസിനെ മനസോട് ചേർത്ത് വിദ്യാർത്ഥികൾ

Friday 10 February 2023 11:50 PM IST

കൊച്ചി: മഹാരാജാസിന്റെ സെന്റർ സർക്കിൾ...മാലാഖക്കുളം....പിരിയൻ കോണി...മുല്ലപ്പന്തൽ, റോയൽ കോർണർ, ഗൾഫ്, അഭിമന്യു സ്‌ക്വയർ...ഇങ്ങനെ കേട്ട് കേട്ട് മനസിൽ പതിഞ്ഞതും വീഡിയോകളിൽ കണ്ട് നേരിൽകാണാൻ കൊതിച്ചതുമായ ഈ ഇടങ്ങളിലെ നിമിഷങ്ങൾ കൂട്ടുകാരുമൊത്ത് ആഘോഷമാക്കുകയാണ് എം.ജി കലോത്സവത്തിനെത്തിയ വിദ്യാർത്ഥിസംഘം. അഞ്ച് ജില്ലകളിൽ നിന്നെത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികളിലേറെപ്പേരും മഹാരാജാസിന്റെ മുറ്റത്തുണ്ട്.

സൊറ പറഞ്ഞും,​ സെന്റർ സർക്കിളിലെ മരത്തിൽ കെട്ടിയ ഊഞ്ഞാലിൽ ആടിയും,​ പൊട്ടിച്ചിരിച്ചും,​ ഭക്ഷണം പങ്കുവെച്ചും,​ കോണിപ്പടികൾ ഓടിക്കയറിയും,​ പ്രണയം പറഞ്ഞും,​ കൈകോർത്ത് നടന്നുമെല്ലാമാണ് വിദ്യാർത്ഥികൾ മഹാരാജാസിനെ ഹൃദയത്തോട് ചേർക്കുന്നത്.

മത്സരാർത്ഥികളും അല്ലാത്തവരും മറ്റ് കലാലയങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമെല്ലാം മഹാരാജാസിന്റെ മുറ്റത്തുണ്ട്. വിദ്യാർത്ഥികളുടെ ഈ വലിയ കൂട്ടം മത്സരവേദികളെയും സമ്പന്നമാക്കുന്നു.