മഹത്തായ സംരംഭമെന്ന് ഡോ.അമൽ ചന്ദ്രൻ

Friday 10 February 2023 11:56 PM IST

തിരുവനന്തപുരം: രാജ്യത്തെ 750 ഓളം വിദ്യാർത്ഥിനികൾ ചേർന്ന് തയാറാക്കിയ ആസാദി സാറ്റ് ഉപഗ്രഹം മഹത്തായ സംരംഭമാണെന്ന് സിംഗപ്പൂർ എൻ.ടി.യു സാറ്റലൈറ്റ് റിസർച്ച് സെന്റർ ഡയറക്ടർ ഡോ. അമൽ ചന്ദ്രൻ .ഇതുൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങളാണ് ഇന്നലെ ഇന്ത്യയുടെ പുതിയ വിക്ഷേപണ വാഹനമായ എസ്.എസ്.എൽ.വി.ഡി 2 വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചത്.

ഇന്ത്യയുടെ സ്‌പേസ് സ്റ്റാർട്ടപ്പായ സ്‌പേസ് കിഡ്സ് നിർമ്മിച്ച ആസാദി സാറ്റ് 2 വിദ്യാഭ്യാസ ആവശ്യങ്ങൾ മുൻനിറുത്തിയുള്ളതാണ്. ശാസ്ത്ര കുതുകികളായ കുട്ടികൾക്ക് ഏറെ പ്രയോജനമാകുമിത്. ബഹിരാകാശത്ത് പാട്ടുകൾ ട്രാൻസ്മിറ്റ് ചെയ്യുമെന്നതും ആസാദി സാറ്റിന്റെ പ്രത്യേകതയാണ്. നിലവിൽ ഉയർന്ന ക്ളാസുകളിൽ ലഭിക്കുന്ന ശാസ്ത്ര അറിവുകൾ ഹൈസ്കൂളിൽ തന്നെ ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ.അമൽ ചന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിയായ അമൽ ചന്ദ്രൻ സി.ഇ.ടിയിൽ നിന്ന് ഇൻഡസ്ട്രിയൽ എൻജിനിയറിംഗിൽ ബിരുദം നേടിയ ശേഷം ഗവേഷണത്തിലേക്ക് കടന്നപ്പോഴാണ് ഉപഗ്രഹങ്ങൾ ഹരമായത്. ഇക്കഴിഞ്ഞ ജൂലായിൽ ശ്രീഹരിക്കോട്ടയിൽ നിന്ന് ഉയർന്ന സിംഗപൂരിന്റെ എസ് ക്യൂബ് ഉപഗ്രഹത്തിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത് ഡോ. അമൽ ചന്ദ്രനായിരുന്നു.