വിശ്വാസികൾ നിറഞ്ഞ് മഞ്ഞിനിക്കര, പെരുന്നാൾ ഇന്ന് സമാപിക്കും
ഒാമല്ലൂർ: പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 91ാമത് ഓർമപ്പെരുന്നാളിൽ പങ്കെടുക്കുന്നതിനായി നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പുറപ്പെട്ട കാൽനട തീർത്ഥാടകരെക്കൊണ്ട് മഞ്ഞനിക്കര ഇന്നലെ നിറഞ്ഞു. പാത്രിയർക്കീസ് ബാവയുടെ കബറിങ്കൽ പ്രാർത്ഥന നടത്തിയും പെരുന്നാൾ ശുശ്രൂഷകളിൽ പങ്കെടുത്തശേഷവുമാണ് വിശ്വാസികളുടെ മടക്കം. യാക്കോബായ സഭയുടെ വിവിധ ഭദ്രാസനങ്ങൾ, ഇടവകകൾ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെട്ട തീർത്ഥാടകസംഘങ്ങൾ ഇന്നലെ രാവിലെ മുതൽ കബറിങ്കലേക്ക് എത്തിക്കൊണ്ടിരുന്നു. ദിവസങ്ങൾക്കു മുമ്പേ പുറപ്പെട്ട വടക്കൻ മേഖല തീർത്ഥയാത്ര വൈകുന്നേരത്തോടെ മഞ്ഞനിക്കരയിലെത്തി. വടക്ക്, ഹൈറേഞ്ച്, തെക്ക് മേഖലകളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഓമല്ലൂർ കുരിശിങ്കൽ പെരുന്നാൾ കമ്മിറ്റിയും പൗരാവലിയും സ്‌തേഫാനോസ് കത്തീഡ്രലും ചേർന്ന് സ്വീകരണം നൽകി. ദയറ കവാടത്തിൽ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ തീർത്ഥാടകരെ സ്വീകരിച്ചു. സന്ധ്യാപ്രാർത്ഥനയ്ക്ക് പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മാർ യാക്കൂബ് ബബാവി മെത്രാപ്പോലീത്തയും യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയും മുഖ്യകാർമികത്വം വഹിച്ചു. സഭയിലെ മറ്റു മെത്രാപ്പോലീത്തമാരും സഹകാർമികരായിരുന്നു. തുടർന്നു നടന്ന തീർത്ഥാടക സമ്മേളനം മാർ യാക്കൂബ് ബബാവി മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ഇന്നു പുലർച്ചെ മൂന്നിന് മാർ സ്‌തേഫാനോസ് കത്തീഡ്രലിൽ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയും 5.45ന് ദയറാ കത്തീഡ്രലിൽ ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയും കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. 8.30ന് മാർ യാക്കൂബ് ബബാവി മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടക്കുന്ന കുർബാനയോടെ ഇക്കൊല്ലത്തെ പെരുന്നാൾ സമാപിക്കും.