അഷ്ടമുടിക്കായൽ ഡ്രഡ്‌ജിംഗിന് ഇളവ് തേടി എൻ.എച്ച്

Saturday 11 February 2023 12:10 AM IST

കൊല്ലം : അഷ്ടമുടിക്കായലിലെ മണ്ണിന് സർക്കാർ നിശ്ചയിച്ച വിലയിൽ ഇളവ് തേടി ദേശീയപാത അതോറിട്ടി. സർക്കാർ വിലയിൽ നിന്ന് സീനിയറേജ് ചാർജ്ജും റോയൽറ്റിയും ഒഴിവാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോട്ടി റവന്യൂവകുപ്പിനെ സമീപിച്ചു.

ദേശീയപാത 66 ആറുവരിയാക്കലിന് ആവശ്യമായ മണ്ണിനും മണലിനും കടുത്ത ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ അഷ്ടമുടിക്കായലിലെ മണ്ണ് ഡ്രഡ്ജ് ചെയ്തെടുത്ത് ഉപയോഗിക്കുകയാണ് ദേശീയപാത അതോറിട്ടിയുടെ ലക്ഷ്യം. ഒരു മീറ്റർ ക്യൂബ് മണ്ണിന് അടിസ്ഥാന വില, സീനിയറേജ് ചാർജ്ജ്, ജി.എസ്.ടി, റോയൽറ്റി എന്നിവ സഹിതം 356 രൂപയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ഈ നിരക്കിൽ ഡ്രഡ്ജിംഗ് ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് മണ്ണ് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെ സമീപിച്ച ദേശീയപാത വികസനത്തിന്റെ കരാർ കമ്പനിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് സീനിയറേജ് ചാർജ്ജ്, റോയൽട്ടി എന്നിവ ഒഴിവാക്കണമെന്ന ആവശ്യമുയർന്നത്.

ഒരു മീറ്രർ ക്യൂബ് മണ്ണിന് 115 രൂപ, 80 രൂപ എന്നീ ക്രമത്തിലാണ് സർക്കാർ സീനിയറേജ് ചാർജ്ജ്, റോയൽറ്റി എന്നിവ നിശ്ചയിച്ചിരിക്കുന്നത്. ഇവ ഒഴിവാക്കിയാൽ ഒരു മീറ്റർ ക്യൂബ് മണ്ണിന് 161 രൂപ നൽകിയാൽ മതിയാകും. ഏതെങ്കിലും വകുപ്പ് നേരിട്ട് ഇക്കാര്യത്തിൽ ഇളവ് അനുവദിക്കാൻ സാദ്ധ്യതയില്ല. അഷ്ടമുടിക്കായലിലെ ജലഗതാഗത്തിനുള്ള സൗകര്യം കൂടി കണക്കിലെടുത്ത് മന്ത്രിസഭയുടെ പരിഗണനയ്ക്ക് തീരുമാനം വിടാനാണ് സാദ്ധ്യത. അതേസമയം, മണ്ണിന്റെ ദൗർലഭ്യം ദേശീയപാത വികസനത്തിന്റെ വേഗതയെ ബാധിക്കുന്നുണ്ട്.

Advertisement
Advertisement