കെട്ടടങ്ങാതെ റിസോർട്ട്, അന്വേഷണം വന്നേക്കും,​ ഗൂഢാലോചനയെന്ന് ഇ.പി.

Saturday 11 February 2023 12:10 AM IST

■ തീരുമാനം പാർട്ടി സെക്രട്ടേറിയറ്റിന് വിട്ടു

തിരുവനന്തപുരം: കണ്ണൂർ മൊറാഴയിലെ ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട് തനിക്കെതിരെ പി. ജയരാജൻ ഉയർത്തിയ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും,എൽ.ഡി.എഫ്

കൺവീനറുമായ ഇ.പി. ജയരാജന്റെ തിരിച്ചടി.

ഇ.പിയുടെ വിശദീകരണം കൂടി കണക്കിലെടുത്ത് വിവാദത്തിൽ എന്ത് പരിശോധന വേണമെന്നതിൽ അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിന് വിട്ടു. സെക്രട്ടേറിയറ്റിലെ

ചർച്ചയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനും തീരുമാനിച്ചേക്കാം.

റിസോർട്ടുമായി ബന്ധപ്പെട്ട് നടന്നതെല്ലാം നിയമപരമായിട്ടാണെന്നും, ഇപ്പോൾ ഇതുയർത്തിക്കൊണ്ടു വരുന്നതിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോയെന്ന് പാർട്ടി അന്വേഷിക്കണമെന്നും രണ്ട് ദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗം അവസാനിച്ച ഇന്നലെ ഇ.പി. ജയരാജൻ തുറന്നടിച്ചു. കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിൽ ആരോപണമുന്നയിച്ച പി. ജയരാജനും യോഗത്തിലുണ്ടായിരുന്നെങ്കിലും അദ്ദേഹമുൾപ്പെടെ പ്രതികരിച്ചില്ല.

ഡിസംബർ അവസാനം ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ തെറ്റ് തിരുത്തൽ രേഖയിന്മേലുണ്ടായ ചർച്ചയ്ക്കിടെയാണ് പി. ജയരാജൻ, ഇ.പി. ജയരാജനെതിരെ സാമ്പത്തിക കുറ്റാരോപണമുന്നയിച്ചത്. തന്റെ മകൻ തുടങ്ങിവച്ച ബിസിനസ് സംരംഭമാണെന്നും, ഭാര്യ ബാങ്കിൽ നിന്ന് വിരമിച്ചപ്പോഴുണ്ടായ ആനുകൂല്യങ്ങൾ മകന്റെ ആവശ്യപ്രകാരം ഇതിൽ നിക്ഷേപിച്ചിട്ടുണ്ടെന്നുമായിരുന്നു ഇന്നലെ ഇ.പി. ജയരാജന്റെ വിശദീകരണം. തനിക്ക് പങ്കാളിത്തമില്ല. റിസോർട്ടുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിയമാനുസൃതമായ അനുമതിയുടെ ഭാഗമായിട്ടുള്ളതാണ്. നാല്പത് വർഷത്തിലധികമായി പൊതുജീവിതത്തിൽ സുതാര്യമായി പ്രവർത്തിക്കുന്ന തനിക്കെതിരെ വ്യക്തിഹത്യ നടത്താനാണ് ഇപ്പോൾ മന:പൂർവ്വം ആരോപണമുയർത്തുന്നതെന്നും

ഇ.പി. ജയരാജൻ പറഞ്ഞു.

കഴിഞ്ഞ സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി. ജയരാജൻ ആരോപണമുയർത്തിയതിന് പിന്നാലെ, രേഖാമൂലം പരാതി നൽകാൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർദ്ദേശിച്ചിരുന്നു. വിവാദം കത്തിപ്പടർന്നെങ്കിലും പി. ജയരാജൻ രേഖാമൂലം പരാതി നൽകിയില്ല. പിന്നീട് കണ്ണൂരിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി പി. ജയരാജൻ കൂടിക്കാഴ്ച നടത്തിയിരുന്നു. എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയും പി.ബി അംഗവുമായതിന് ശേഷം ഇ.പി. ജയരാജൻ പാർട്ടി കമ്മിറ്റികളിൽ നിന്ന് തുടർച്ചയായി അവധിയെടുത്ത് വിട്ടുനിൽക്കുന്നതിന് ഇടയിലായിരുന്നു ഡിസംബറിൽ സംസ്ഥാന കമ്മിറ്റി യോഗം. ആരോപണ വിവാദം കൊഴുത്തതോടെ, ഇ.പി. ജയരാജൻ പാർട്ടി യോഗങ്ങളിൽ വീണ്ടും സജീവമായി.