കൊല്ലം പോർട്ടിനേയും ജലപാതയേയും ബന്ധിപ്പിച്ച് കനാൽ, 200 കോടിയുടെ രൂപരേഖയുമായി നാറ്റ്പാക്

Saturday 11 February 2023 12:11 AM IST

കൊല്ലം: കൊല്ലം പോർട്ടിനെയും ദേശീയ ജലപാതയേയും ബന്ധിപ്പിച്ച് കനാൽ നിർമ്മാണത്തിന് 200 കോടിയുടെ രൂപരേഖയുമായി നാറ്റ്പാക്. തുറമുഖ വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് പഠന റിപ്പോർട്ടും രൂപരേഖയും തയ്യാറാക്കിയിട്ടുള്ളത്. ദേശീയജലപാതയിൽ ചരക്ക് നീക്കം സജീവമാകുമ്പോൾ അവ അടുപ്പിക്കാൻ കൊല്ലം പോർട്ടിലെ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുകയാണ് കനാൽ നിർമ്മാണത്തിന്റെ ലക്ഷ്യം.

കേരള വാട്ടർവെയ്സ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് ജലപാത വഴി ക്രൂയിസ് ബോട്ട് സർവ്വീസ് അടക്കം ലക്ഷ്യമിടുന്നുണ്ട്. ഇവയ്ക്ക് സുരക്ഷിതമായ ലാൻഡിംഗ് സൗകര്യം ഒരുക്കുക എന്ന ലക്ഷ്യവും കനാൽ നിർമ്മാണത്തിന് പിന്നിലുണ്ട്. പോർട്ടിലെ ടെർമിനലിൽ നിന്ന് തുടങ്ങി പോർട്ട് ഓഫീസ്, പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ എന്നിവയ്ക്ക് സമീപത്തൂടെയാകും കനാൽ ജലപാതയിലെത്തുക. ഇതിനായി തീരദേശ റോഡിനും പള്ളിത്തോട്ടം- കല്ലുപാലം റോഡിനും കുറുകെ രണ്ട് പാലങ്ങൾ നിർമ്മിക്കേണ്ടി വരും. കൂടാതെ സ്ഥലമേറ്റെടുക്കലിനും ഒഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസത്തിനും കൂടി ചേർത്താണ് 200 കോടി ചെലവ് കണക്കാക്കിയിരിക്കുന്നത്.

അതേസമയം, നാറ്റ്പാകിന്റെ പഠന റിപ്പോർട്ട് മുന്നിലുണ്ടെങ്കിലും കനാൽ നിർമ്മാണം സജീവ പരിഗണനയിലില്ലെന്നാണ് മാരിടൈം ബോർഡ് അധികൃതരുടെ വിശദീകരണം. കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി പോർട്ടുകളെയും റെയിൽവേ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന പദ്ധതിയിലും നേരത്തെ കൊല്ലം പോർട്ടിനെ ഉൾപ്പെടുത്തിയിരുന്നു. കൊല്ലം പോർട്ടിൽ ചരക്ക് നീക്കം സജീവമല്ലാത്തതിനാൽ റെയിൽവേ ലൈൻ നിർമ്മാണവും മാറ്റിവച്ചിരിക്കുകയാണ്.

നീണ്ടകര വഴിയും

പ്രവേശിക്കാം

വൻതുക ചെലവഴിച്ച് കനാൽ നിർമ്മിക്കുന്നതിന് പകരം ജലയാനങ്ങൾക്ക് തുറമുഖത്തേക്ക് വരുന്നതിനും പോകുന്നതിനും നീണ്ടകര അഴിമുഖം പ്രയോജനപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഗതാഗതം സുഗമമാക്കാൻ ചെറിയ നിലയിലുള്ള ഡ്രഡ്ജിംഗ് മാത്രമേ ഒരുപക്ഷേ ഇതിനായി വേണ്ടിവരു.