അവഗണനയിൽ ഉണങ്ങി കെ.ഐ.പി കനാൽ

Saturday 11 February 2023 12:12 AM IST

കൊല്ലം: വേനൽക്കാലത്ത് ജില്ലയിലെ കൃഷിയിടങ്ങളെയും ജലാശയങ്ങളെയും ജലസമൃദ്ധമാക്കിയിരുന്ന കല്ലട ഇറിഗേഷൻ പദ്ധതിയെ സംസ്ഥാന ബഡ്‌ജറ്റ് അവഗണിച്ചു.

കനാൽ നവീകരണത്തിന് 427 കോടി രൂപയുടെ പദ്ധതി ഇറിഗേഷൻ വകുപ്പ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചെങ്കിലും പ്ളാൻ ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ഉൾപ്പെടുത്തിയില്ല. മുൻ വർഷങ്ങളിൽ നോൺ പ്ളാൻ ഫണ്ടിൽ അനുവദിച്ചത് പോലെ നാമമാത്രമായ തുക മാത്രമാണ് ഇത്തവണയും ഉണ്ടായത്.

കഴിഞ്ഞ വർഷം നാലു കോടി രൂപയാണ് കെ.ഐ.പി പദ്ധതിക്കായി ലഭിച്ചത്. 2017-18, 18-19 വർഷങ്ങളിൽ 7 കോടി രൂപ ബ‌ഡ്‌ജറ്റിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ, 19-20 ൽ ഒരു കോടിയായും 20-21ൽ 3.60 കോടിയായും 21-22ൽ 4.19 കോടിയായും 22-23 ൽ 4.25 കോടിയായും താഴ്ന്നു. ആയിരത്തോളം കിലോമീറ്റർ വരുന്ന കനാലും കനാൽ സ്ട്രക്ചറുകളായ അക്വഡേറ്റുകളുടെയും ക്രോസിംഗുകളുടെയും നവീകരണവും കനാൽ റോഡുകളുടെ പുനരുദ്ധാരണവുമെല്ലാം സർക്കാരിന് സമർപ്പിച്ച പദ്ധതിയിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും ഫലം കണ്ടില്ല.

പഴക്കം നാലര പതിറ്റാണ്ട്

നാലര പതിറ്റാണ്ടോളം പഴക്കമുള്ള കനാൽ നിർമ്മിതികളെല്ലാം അപകടാവസ്ഥയിലാണ്. കെ.ഐ.പി ആരംഭിച്ച കാലത്ത് നിർമ്മിച്ച ഗ്രാമീണ റോഡുകൾ നവീകരണമില്ലാതെ തകർന്നു. കനാൽ ഭൂമി കൈയേറ്റം ഒഴിപ്പിച്ച് സംരക്ഷിക്കാനുള്ള നടപടിയും ഇല്ല. വരൾച്ച രൂക്ഷമാകുമ്പോൾ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 92 ഗ്രാമങ്ങളിൽ വെള്ളം ലഭ്യമാക്കുന്നത് കെ.ഐ.പി കനാൽ വഴിയാണ്.

കൃഷിയിടങ്ങളിൽ മാത്രമല്ല, പതിനായിരക്കണക്കിന് കിണറുകളിലും നിരവധി ജലാശയങ്ങളിലും വാട്ടർ അതോറിട്ടിയുടെ അൻപതോളം ജലസേചന പദ്ധതികളിലും വെള്ളം എത്തിക്കുന്നത് കനാൽ വഴിയാണ്.

കെ.ഐ.പി അധികൃതർ