ബാബുജോർജിന് സസ്പെൻഷൻ: കോൺഗ്രസ് രാഷ്ട്രീയം വഴിത്തിരിവിൽ

Saturday 11 February 2023 12:13 AM IST

പത്തനംതിട്ട : ഡി.സി.സി മുൻ പ്രസിഡന്റ് ബാബുജോർജിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടി ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവായി. ജില്ലയിലെ മുതിർന്ന നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുന്ന നടപടി സമീപകാലത്ത് ആദ്യത്തേതാണ്.

ശനിയാഴ്ച നടന്ന ഡി.സി.സി യോഗത്തിലുണ്ടായ വാക്കുതർക്കവും പ്രസിഡന്റിന്റെ മുറി ബാബു ജോർജ് ചവിട്ടിത്തുറന്നതുമായ നടപടിയാണ് സസ്പെൻഷനിൽ കലാശിച്ചത്. വാതിൽ ചവിട്ടിത്തുറക്കുന്ന ഡി.സി.സിയിലെ സി.സി.ടി.വി ദൃശ്യം പുറത്തായതോടെ കെ.പി.സി.സി റിപ്പോർട്ട് ചോദിച്ചിരുന്നു. ഡി.സി.സി പ്രസി​ഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെയും കെ.പി.സി.സി സെക്രട്ടറി എം.എം.നസീറിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി.

ബാബു ജോർജിന്റെ നടപടി പക്വതയില്ലാത്തതെന്നും ക്ഷണിച്ചുവരുത്തിയ സ്വാഭാവിക പ്രതികരണമെന്നും വാദിച്ച് ജില്ലയിലെ നേതാക്കൾ രണ്ടു പക്ഷത്തായി നിലയുറപ്പിച്ചിരിക്കുകയാണ്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബാബുജോർജിനെതിരെ നടപടിയുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനെയും കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധുവിനെയും ബാബു ജോർജ് വിമർശിക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് സസ്പെൻഷനുണ്ടായത്.

എന്നാൽ, അദ്ദേഹത്തോട് വിശദീകരണം ചോദിക്കാതെ സസ്പെൻഡ് ചെയ്തത് അംഗീകരിക്കാനാവില്ലെന്ന് മുതിർന്ന നേതാക്കൾ അഭിപ്രയാപ്പെടുന്നുണ്ട്. ഡി.സി.സി ഒാഫീസിനുള്ളിലെ സി.സി.ടി.വി ദൃശങ്ങൾ എങ്ങനെ മാദ്ധ്യമങ്ങൾക്ക് ലഭിച്ചു എന്നതിനെപ്പറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രസിഡന്റുമാരായ കെ.ശിവദാസൻ നായരും പി.മോഹൻജും കെ.പി.സി.സിക്ക് പരാതി നൽകിയിട്ടുണ്ട്. ഡി.സി.സി നേതൃത്വം അറിയാതെ ദൃശ്യങ്ങൾ പുറത്താവില്ലെന്നാണ് ബാബുജോർജിനെ അനുകൂലിക്കുന്നവർ പറയുന്നത്.

ജില്ലയിൽ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത നേതാക്കളിൽ ചിലരെ തിരിച്ചെടുക്കാൻ കെ.പി.സി.സിക്ക് ഡി.സി.സി ശുപാർശ നൽകിയിരുന്നു. ഇതിൽ കൂടൽ മണ്ഡലം പ്രസിഡന്റ് എസ്.പി.സജനെക്കൂടി ഉൾപ്പെടുത്തണമെന്ന് ബാബുജാേർജ് ശനിയാഴ്ച നടന്ന ഡി.സി.സി യോഗത്തിൽ ആവശ്യപ്പെട്ടതായാണ് അറിയുന്നത്. സസ്പെൻഡ് ചെയ്ത ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡോ.സജി ചാക്കോയെയും തിരിച്ചെടുക്കണമെന്ന് കെ.ശിവദാസൻ നായരും പി.മോഹൻരാജും നിലപാടറിയിച്ചു.

നടപടി അംഗീകരിക്കുന്നു: ബാബുജോർജ്

തനിക്കെതിരെ കെ.പി.സി.സി എടുത്ത നടപടി അംഗീകരിക്കുന്നുവെന്ന് ബാബുജോർജ് പ്രതികരിച്ചു. തന്നോട് ഒരു വാക്കു പോലും ചോദിക്കാതെ ഏകപക്ഷീയമായിട്ടാണ് അന്വേഷണ റിപ്പോർട്ട് നൽകിയത്. കോൺഗ്രസ് പ്രവർത്തകനായി തുടരും. പാർട്ടിക്കു വേണ്ടി ത്യാഗം സഹിച്ചാണ് വളർന്നത്. ചില നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായ പ്രകോപനത്താലാണ് വാതിൽ തള്ളിത്തുറക്കേണ്ടി വന്നതെന്നും അതിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവിട്ടത് ഡി.സി.സി നേതൃത്വത്തിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്നും ബാബുജോർജ് പറഞ്ഞു.

ബാബുജോർജ് പറഞ്ഞത് സത്യവിരുദ്ധമെന്ന് പുന:സംഘടനാ സമിതി

ജില്ലാ പുന:സംഘടനാ സമിതി യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധുവും അംഗങ്ങളോട് കയർത്തു സംസാരിച്ചു എന്ന രീതിയിൽ മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞത് പൂർണമായും സത്യ വിരുദ്ധമാണെന് ജില്ലാ പുന:സംഘടനാ സമിതി അറിയിച്ചു. അങ്ങനൊരു സംസാരം പോലും സമിതി യോഗത്തിൽ ഉണ്ടായില്ല. അന്നേ ദിവസം സൗഹാർദ്ദപരമായ ചർച്ചകളാണ് നടന്നത്. പുന:സംഘടന സംബന്ധിച്ച് ഒരു തർക്കവും നിലവിൽ ഇല്ല. കെപിസിസി മാർഗനിർദേശങ്ങൾ അനുസരിച്ചു എല്ലാ നിർദ്ദേശങ്ങളും ഉൾക്കൊണ്ട് പുന:സംഘടന പ്രക്രിയ ഉടൻ പൂർത്തീകരിക്കും.