സി.പി കുഞ്ഞു: സമരവേദികളിലെ തീപ്പൊരി പ്രാസംഗികൻ
കോഴിക്കോട്: ഗണ്ണി സ്ട്രീറ്റിലെ കാലിച്ചാക്ക് കച്ചവടക്കാരനിൽ നിന്ന് കറയറ്റ കമ്യൂണിസ്റ്റ് നേതാവായി വളർന്ന ചരിത്രമായിരുന്നു അന്തരിച്ച മുൻ എം.എൽ.എ സി.പി കുഞ്ഞുവിന്റേത്. കാലിച്ചാക്ക് കച്ചവടക്കാരുടെ സംഘടനയുടെ പ്രസിഡന്റായിരുന്ന ചെറിയാലിങ്ങൽ പറമ്പിൽ കുഞ്ഞു വ്യാപാരം നിർത്തിയാണ് മുഴുവൻസമയ പാർട്ടി പ്രവർത്തകനായത്. എക്കാലത്തും തൊഴിലാളികൾക്കായി ശബ്ദമുയർത്തിയ കുഞ്ഞുവിന്റെ പ്രസംഗം അണികൾക്ക് ഏറെ ആവേശമുണ്ടാക്കുന്നതായിരുന്നു. മലബാറിൽ പലയിടത്തും കുഞ്ഞുവിന്റെ പ്രസംഗങ്ങൾ അലയടിച്ച കാലമുണ്ടായിരുന്നു. നർമമായിരുന്നു ഈ നേതാവിന്റെ പ്രസംഗത്തിന്റെ മർമം. അഞ്ച് മണിക്കൂർനേരം നിന്ന് പ്രസംഗിച്ചതായി ഒരിക്കൽ അദ്ദേഹം പറഞ്ഞിരുന്നു. മുസ്ലീംലീഗിന്റെ ശക്തികേന്ദ്രങ്ങളിൽ പല സമ്മേളനങ്ങളിലും യോഗങ്ങളിലും പ്രസംഗിക്കാൻ പാർട്ടി നിയോഗിക്കുന്നത് കുഞ്ഞുവിനെയായിരുന്നു. മതകാര്യങ്ങളും പൊതുകാര്യങ്ങളുമെല്ലാം അദ്ദേഹത്തിന്റെ നാവിൽ നിന്നൊഴുകിയെത്തിയത് പലപ്പോഴും എതിരാളികൾക്ക് അലോസരമുണ്ടാക്കിയിരുന്നു. ശരീഅത്ത് വിവാദത്തിൽ സി.പി.എമ്മിന് വേണ്ടി മലബാറിലുടനീളം അദ്ദേഹം പ്രസംഗിച്ചു.
നഗരത്തിലെ മുസ്ലീം സമുദായത്തിലെ നിരവധി പേരെ സി.പി.എമ്മിലേക്ക് ആകർഷിക്കാനും കുഞ്ഞുവിന് കഴിഞ്ഞു. സി.എച്ച്. മുഹമ്മദ് കോയയെയും പി.എം അബൂബക്കറിനെയും വിജയിപ്പിച്ച പഴയ 34ാം ഡിവിഷനിലെ ലീഗ് കോട്ടയിൽ ജയിച്ച് നഗരസഭയിലെത്തിയ ചരിത്രവുമുണ്ട്.
അഖിലേന്ത്യാലീഗ് മുസ്ലീംലീഗിൽ ലയിച്ച ശേഷമുള്ള 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുവ നേതാവ് കെ.കെ മുഹമ്മദിനെതിരെ ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കിയാണ് കുഞ്ഞു കോഴിക്കോട് രണ്ടിലെ എം.എൽ.എയായത്. നിയമസഭാ പ്രസംഗങ്ങളിലും നർമം കലർത്തിയിരുന്ന അദ്ദേഹം മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങളെത്തിച്ചിരുന്നു. റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, ഫ്രാൻസിസ് റോഡ് ഫ്‌ളൈഓവർ, വെള്ളിപറമ്പ് മായനാട് റോഡ്, ചെറുവറ്റക്കടവ് പാലം, കോവൂർ പാലാഴി റോഡ് എന്നീ വികസനപ്രവർത്തനങ്ങളിൽ കുഞ്ഞുവിന്റെ കൈയൊപ്പ് പതിഞ്ഞിരുന്നു. വെള്ളിമാടുകുന്ന് ഗവ. ലോ കോളജിന് കെട്ടിടമുയർന്നതും ഇക്കാലത്താണ്. വീട്ടിലും ടൗൺഹാളിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ മന്ത്രി പി മുഹമ്മദ് റിയാസടക്കം ജനപ്രതിനിധികളും നാടിന്റെ നാനാതുറകളിൽ നിന്നായി ആയിരക്കണക്കിനാളുകളും അന്ത്യോപചാരമർപ്പിക്കാനെത്തി.