അർദ്ധരാത്രി വിരുന്നെത്തി വീട് കീഴടക്കി മയിലമ്മയും മക്കളും

Saturday 11 February 2023 1:00 AM IST
രാജൻ പിള്ളയുടെ വീട്ടിലെ കിടക്കയിൽ കുഞ്ഞുങ്ങളെ ചിറകിനടയിലാക്കിയിരിക്കുന്ന തള്ള മയിൽ ഫോട്ടോ : ജയമോഹൻ തമ്പി

കൊല്ലം: അർദ്ധരാത്രി വീട്ടിലെത്തിയ വിരുന്നുകാരെ കണ്ട് ഗൃഹനാഥനും കുടുംബവും ഞെട്ടിപ്പോയി, ഒരു പെൺമയിലും അഞ്ച് കുഞ്ഞുങ്ങളും! രാമൻകുളങ്ങര വര വരമ്പേൽ ജംഗ്ഷനിൽ പുള്ളിയിൽ വടക്കതിൽ രാജൻപിള്ളയുടെ വീട്ടിലാണ് അപൂർവ്വ അതിഥികൾ അർദ്ധരാത്രി വിരുന്നെത്തിയത്. ഏകാദശി രാവായിരുന്ന വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് പെൺമയിലും കുഞ്ഞുങ്ങളും വീട്ടിലെത്തിയത്. ഈസമയം രാജൻപിള്ളയും ഭാര്യയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മകനും മരുമകളും തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിന് പോയിരിക്കുകയായിരുന്നു. പെൺമയിലും കുഞ്ഞുങ്ങളും പെട്ടെന്ന് മുറ്റത്ത് പറന്നെത്തിയപ്പോൾ ഇരുവരുടെയും ഹൃദയം ഒന്ന് കുളിർന്നു. എന്നാൽ, അധികം താമസിയാതെ വിരുന്നുകാർ വീട്ടിലേക്ക് അതിക്രമിച്ചുകയറി. വീടാകെ ചുറ്റിക്കറങ്ങിയ ശേഷം കിടപ്പുമുറിയിലെ കട്ടിൽ കീഴടക്കി. പരിഭ്രാന്തരായ രാജൻപിള്ളയും ഭാര്യയും ഇതോടെ മകനെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു. ഇതിനിടെ പലതരത്തിൽ ശ്രമിച്ചിട്ടും വീട് വിട്ടിറങ്ങാൻ മയിലും കുടുംബവും കൂട്ടാക്കിയില്ല.

ഉത്സവമായതിനാൽ റോഡിൽ നല്ല തിരക്കായിരുന്നു. അതുകൊണ്ട് തന്നെ മകനും മരുമകളും വീട്ടിലെത്താൻ എറെ സമയമെടുത്തു. ഇതിനിടയിൽ രാജൻപിള്ള വീട്ടിലുണ്ടായിരുന്ന കടല മയിലമ്മയ്ക്ക് നൽകിയെങ്കിലും കഴിക്കാൻ കൂട്ടാക്കാതെ കട്ടിലിൽ തന്നെ ഇരിപ്പുറപ്പിച്ചു. ദേശീയപക്ഷിയായ മയിലിന് എന്തെങ്കിലും സംഭവിച്ചാൽ കെണിയാകുമെന്ന് അറിയാവുന്ന രാജൻപിള്ളയും കുടുംബവും അർദ്ധരാത്രി തന്നെ വനം വകുപ്പിനെ വിവരം അറിയിച്ചു.

പുലർച്ചെ രണ്ട് മണിയോടെ അവർ എത്തി മയിലിനെയും കുഞ്ഞുങ്ങളെയും പിടികൂടി കൊണ്ടുപോയി. പ്രദേശത്ത് തന്നെ മുട്ടയിട്ട് വിരിഞ്ഞ കുഞ്ഞുങ്ങളെ മറ്റ് ഏതെങ്കിലും പക്ഷികളോ മൃഗങ്ങളോ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ അഭയം തേടി വീടിനുള്ളിൽ കയറിയതാകാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.