ഇന്ത്യൻ ലായേഴ്സ് കോൺഗ്രസ് പ്രതിഷേധ സംഗമം

Saturday 11 February 2023 1:20 AM IST

കൊട്ടാരക്കര: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ജനദ്രോഹ ബഡ്ജറ്റിനെതിരെ ഇന്ത്യൻ ലായേഴ്സ് കോൺഗ്രസ് കൊട്ടാരക്കര യൂണിറ്റ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. വിഭവ സമാഹരണത്തിനായി കോർട്ട് ഫീ ഉൾപ്പെടെ അശാസ്ത്രീയവും ജനദ്രോഹപരവുമായ നികുതികൾ നിർദ്ദേശിക്കുമ്പോഴും സാധാരണക്കാരന് നിയമസഹായം നൽകുന്ന കെൽസ എന്ന സംവിധാനത്തെ സ‌ർക്കാർ പാടെ മറന്നു. കഴിഞ്ഞ നാലുവർഷമായി സംസ്ഥാനത്തെ വിവിധ കോടതികൾ അനുവദിച്ച നഷ്ട പരിഹാര തുക ഇനിയും വിതരണം ചെയ്തിട്ടില്ല. ഇതിനായി ബഡ്ജറ്റിൽ തുക അനുവദിച്ചിട്ടില്ല. കൊട്ടാരക്കര കോർട്ട് സെന്ററിൽ നടന്ന പ്രതിഷേധ സംഗമം കെ.പി.സി.സി അംഗം അഡ്വ.അലക്സ്മാത്യു ഉദ്ഘാടനം ചെയ്തു. ലീഗൽ ബെനിഫിറ്റ് ഫണ്ടിൽ നിന്ന് അഭിഭാഷക ക്ഷേമനിധിയിലേക്ക് നൽകേണ്ട 60 കോടി രൂപ സർക്കാർ പിടിച്ചു

വച്ചിരിക്കയാണെന്നും അത് ഉടൻ കൈമാറണമെന്നും യോഗം ആവശ്യപ്പെട്ടു. അഭിഭാഷകർക്കൊപ്പം അഭിഭാഷക ക്ളാർക്കുമാരെയും അവഗണിച്ചതായി യോഗം ചൂണ്ടിക്കാട്ടി. അഭിഭാഷകരായ ജി.ചന്ദ്രശേഖര പിള്ള, എൻ. രവീന്ദ്രൻ,തോമസ് വർഗീസ്, ടി.ജി. ഗിരിജ കുമാരി, മൈലം ഗണേശൻ,ജേക്കബ് സി ജോൺ, എം.ബിനോയി എന്നിവർ സംസാരിച്ചു.