രണ്ടാംവിളയിൽ നെല്ല് സംഭരിക്കാൻ 62 മില്ലുകളുണ്ടാകും

Sunday 12 February 2023 2:48 AM IST

പാലക്കാട്: രണ്ടാംവിള നെല്ലുസംഭരണത്തിന് 59 മില്ലുകൾ സപ്ലൈകോയുമായി കരാർ ഒപ്പിട്ടു. മൂന്ന് മില്ലുകൾകൂടി ഒപ്പിടാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒന്നാംവിള നെല്ലുസംഭരണത്തിന് സപ്ലൈകോയും മില്ലുടമകളും ഒപ്പുവെച്ച കരാറിന്റെ കാലാവധി ജനുവരി 31ന് അവസാനിച്ചിരുന്നു. രണ്ടാംവിളയ്ക്കും മൂന്നുമാസത്തേക്കാണ് കരാർ.

നിലവിൽ വടക്കഞ്ചേരി, തൃത്താല, കുഴൽമന്ദം, പുതക്കോട് ഭാഗങ്ങളിൽ രണ്ടാംവിള കൊയ്ത്തിന് തുടക്കമായി. രണ്ടാഴ്ചയ്ക്ക് ശേഷം കൂടുതൽ പാടങ്ങളിൽ കൊയ്ത്ത് സജീവമാകും. മില്ലുകൾക്ക് പാടശേഖരങ്ങൾ അനുവദിക്കുന്നതോടെ, നിശ്ചിത ശതമാനം കൊയ്ത്ത് പൂർത്തിയാക്കിയെന്ന് കൃഷി ഓഫീസർ സാക്ഷ്യപ്പെടുത്തുന്ന പാടശേഖരങ്ങളിൽ സംഭരണം തുടങ്ങും.

മില്ലുടമകളുടെ ആവശ്യം നടപ്പായില്ല

മില്ലുടമകൾക്ക് നെല്ല് കൈകാര്യച്ചെലവ് ഇനത്തിൽ സപ്ലൈകോ നൽകാനുള്ള 15 കോടി രൂപയിൽ പത്തുകോടി അനുവദിക്കാൻ തീരുമാനിച്ചെങ്കിലും ലഭിച്ചില്ല. നെല്ല് അരിയാക്കാൻ കൈകാര്യച്ചെലവായി ക്വിന്റലിന് 202 രൂപയാണ് നൽകുന്നത്. ഇത് 272 രൂപയെങ്കിലുമായി ഉയർത്തുക, കൈകാര്യച്ചെലവിന് ജി.എസ്.ടി. ഏർപ്പെടുത്തിയത് പിൻവലിക്കുക എന്നീ ആവശ്യങ്ങളിലും തീരുമാനമായില്ല.

കുടിശ്ശിക വിതരണം

ഒന്നാംവിള നെല്ല് സംഭരണത്തിന്റെ കുടിശിക 195 കോടി വിതരണം ചെയ്യുന്നുണ്ട്. ഇതിനായി പാഡി റെസീപ്റ്റ് ഷീറ്റിന്റെ അടിസ്ഥാനത്തിൽ വായ്പ നൽകുന്നതിന് കേരള ബാങ്ക് സപ്ലൈകോയുമായി കരാറിൽ ഒപ്പുവെച്ചു.

76611 കർഷകരിൽനിന്ന് 2.3 ലക്ഷം മെട്രിക് ടൺ നെല്ലാണ് ഈ സീസണിൽ സംഭരിച്ചത്. ഇതിൽ 46,314 കർഷകർക്കായി 369.36 കോടി രൂപ നേരത്തേ നൽകിയിരുന്നു. ശേഷിച്ച തുകയായ 195 കോടി രൂപയാണ് കേരള ബാങ്ക് വഴി വിതരണം ചെയ്യുക. തുക കിട്ടാനുള്ള കർഷകർ തൊട്ടടുത്ത കേരള ബാങ്ക് ശാഖയെ സമീപിക്കണം. ഒരു കിലോ നെല്ലിന് 28.20 രൂപയാണ് താങ്ങുവിലയായി കർഷകർക്ക് ലഭിക്കുക.

Advertisement
Advertisement