ആ​വ​ശ്യ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​രി​ല്ല; ഗ്രീൻഫീൽഡ് ഹൈവേ സർവേ ഇഴയുന്നു

Sunday 12 February 2023 2:54 AM IST

പാലക്കാട്: കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതാ നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ഫീൽഡ് സർവേ (ജോയന്റ് മെഷർമെന്റ് സർവേ) ആറുമാസമായിട്ടും പൂർത്തിയാക്കാനാകാതെ അധികൃതർ. എൻ.എച്ച് വിഭാഗത്തിനുവേണ്ടി സ്ഥലമേറ്റെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർമാരുടെ നേതൃത്വത്തിൽ മൂന്ന് ഓഫീസുകൾ കേന്ദ്രീകരിച്ചാണ് ഫീൽഡ് സർവേ നടത്തുന്നത്.

ജി​ല്ല​യി​ൽ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫീ​ൽ​ഡ് സ​ർ​വേ പൂ​ർ​ത്തിയാകാത്തതിനാൽ ത്രി​മാ​ന വി​ജ്ഞാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചുള്ള സ​ർവേ സ്കെ​ച്ച് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇതുവരെ ല​ഭ്യമായിട്ടില്ല. ഇത് പദ്ധതിയുടെ തുടർ നടപടികളെ ബാധിക്കും.

പാ​ല​ക്കാ​ട് താ​ലൂ​ക്കി​ലെ പു​തു​ശ്ശേ​രി വി​ല്ലേ​ജി​ൽ ജ​നു​വ​രി ആ​ദ്യ​വാ​ര​മാ​ണ് സ​ർ​വേ ആ​രം​ഭി​ച്ച​ത്. മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ 90% പൂ​ർ​ത്തി​യാ​യി. പൊ​റ്റ​ശ്ശേ​രി വി​ല്ലേ​ജി​ൽ ന​ട​പ​ടി ഇനിയും പൂ​ർ​ത്തി​യാ​കാ​നു​ണ്ട്. ജി​ല്ല​യി​ൽ സ​ർ​വേ​ക്കാ​യി 13 ഉ​ദ്യോ​ഗ​സ്ഥ​രാ​ണു​ള്ള​ത്. ആ​വ​ശ്യ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​ത്ത​താ​ണ് ന​ട​പ​ടി ഇഴയാൻ കാരണം. ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാൻ 15 പേ​രെ ​കൂ​ടി സ​ർ​വേയ്ക്ക് നി​യോ​ഗി​ച്ച് റ​വ​ന്യൂ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​ർ ജോലിയിൽ പ്രവേശിക്കുന്നതോടെ നടപടി വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.

പാ​ത ക​ട​ന്നു പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ സ്കെ​ച്ച് ത​യ്യാ​റാ​യാ​ൽ സ്ഥ​ലം ഏ​റ്റെ​ടു​പ്പി​ന്റെ അ​വ​സാ​ന​ ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ത്രി​മാ​ന വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കും. 2013ലെ ​നി​യ​മ​പ്ര​കാ​ര​മാ​ണ് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഭൂ​മി​യു​ടെ നി​ർ​ണ​യി​ച്ച വി​ല​യു​ടെ ര​ണ്ട​ര ഇ​രട്ടി തു​ക​യാ​വും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ല​ഭി​ക്കു​ക. സ്ഥ​ലം ഒ​ഴി​യാ​ൻ പ​ര​മാ​വ​ധി ര​ണ്ടുമാ​സം ന​ൽ​കും. ദേ​ശീ​യ​പാ​ത 66 സ്ഥ​ല​മെ​റ്റേ​ടു​പ്പ് നി​യ​മം ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത​ക്കും ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു. നി​ർ​മ്മി​തി​ക​ളു​ടെ വി​ല നിർ​ണ​യി​ക്കു​മ്പോ​ൾ തേ​യ്മാ​ന ചെ​ല​വ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് മ​റ്റൊ​രാ​വ​ശ്യം. വി​ള വി​ല നി​ർ​ണ​യം ഉ​യ​ർ​ത്ത​ണ​മെ​ന്നും ഇ​ര​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഭൂമി​യും കി​ട​പ്പാ​ട​വും ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

ഭാ​ര​ത് മാ​ല​ പ​ദ്ധ​തി​ക്ക് കീ​ഴി​ൽ പാ​ല​ക്കാ​ട് മു​ത​ൽ കോ​ഴി​ക്കോ​ട് വ​രെ 121 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള പാ​ത​യാ​ണ് നി​ർ​മ്മി​ക്കു​ക. പാ​തയ്ക്ക് മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലായി ആകെ 547 ഹെ​ക്ട​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കും. പാ​ല​ക്കാ​ട് ജില്ലയിൽ മാ​ത്രം പാതയ്ക്ക് 62 കി​ലോ​മീ​റ്റ​ർ നീ​ള​മു​ണ്ട്.