വഴിയടഞ്ഞ് വാളയാറിലെ 'ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റ്'

Sunday 12 February 2023 12:01 AM IST
വാ​ള​യാ​റി​ൽ​ ​മോ​ട്ട​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ് ​ഇ​ൻ​ ​ചെ​ക്പോ​സ്റ്റി​ന്റെ​ ​പ​ഴ​യ​ ​കെ​ട്ടി​ട​ത്തി​ന് ​സ​മീ​പം​ ​തു​രു​മ്പെ​ടു​ത്ത് ​ന​ശി​ക്കു​ന്ന​ ​വേ​ ​ബ്രി​ഡ്ജു​ക​ൾ.

പാലക്കാട്: ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയും കൈക്കൂലിയും നിറുത്തലാക്കി സർക്കാരിന്റെ നികുതി വരുമാനം കൂട്ടാൻ വാളയാറിലാരംഭിച്ച ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റ് പാതി വഴിയിൽ. 'അഴിമതിമുക്ത വാളയാർ' പദ്ധതിയുടെ ഭാഗമായി 2021 ഫെബ്രുവരി 15ന് തറക്കല്ലിട്ട പദ്ധതി രണ്ടുവർഷം പിന്നിടാനിരിക്കുമ്പോഴഉം പഴയ കെട്ടിടം പൊളിച്ചത് ഒഴിച്ചാൽ ഒരടിപോലും മുന്നോട്ടുപോയില്ല.

സംസ്ഥാന അതിർത്തിയിലെ മോട്ടർ വാഹന ചെക്‌ പോസ്റ്റുകൾ നിറുത്തലാക്കണമെന്ന കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശവും ദേശീയപാത അതോറിറ്റി സാങ്കേതിക ബുദ്ധിമുട്ട് അറിയിച്ചതുമാണ് മോട്ടർ വാഹന വകുപ്പിന്റെ സ്വപ്ന പദ്ധതി നിലയ്ക്കാൻ കാരണം.

വകയിരുത്തിയത് 11 കോടി

മോട്ടർ വാഹന വകുപ്പിന്റെ വലിയ പദ്ധതികളിലൊന്നാണിത്. 11 കോടിയാണ് സർക്കാർ വകയിരുത്തിയത്. തറക്കല്ലിടുമ്പോൾ എഴു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.

1958ൽ സംസ്ഥാന മോട്ടർ വാഹനവകുപ്പ് രൂപീകരിച്ചപ്പോൾ ആദ്യം സ്ഥാപിച്ച വാളയാർ ഇൻ ചെക്‌പോസ്റ്റാണ് ഇന്റഗ്രേറ്റഡ് ചെക്ക്‌പോസ്റ്റിനായി പൊളിച്ചുമാറ്റിയത്. നിലവിൽ ദേശീയപാതയോരത്ത് തട്ടിക്കൂട്ടിയ കണ്ടെയ്നറിനുള്ളിലാണ് ഇൻ ചെക്‌പോസ്റ്റ് പ്രവർത്തിക്കുന്നത്.

ടെൻഡർ നടപടികളും വേഗത്തിൽ നടന്നു. ഊരാളുങ്കലിനും കോസ്റ്റ്‌ഫോഡിനുമായിരുന്നു നിർമ്മാണ ചുമതല. ഇവർക്ക് ആദ്യ ഗഡുവായി രണ്ടുകോടിയും കൈമാറി. കെട്ടിടം പൊളിച്ചിട്ടതിന് പിന്നാലെയാണ് അതിർത്തി ചെക്‌പോസ്റ്റുകൾ നിറുത്തലാക്കണമെന്ന കേന്ദ്ര നിർദ്ദേശമെത്തിയത്. പിന്നീട് തുടർ നടപടിയുണ്ടായില്ല. പൊളിച്ചുമാറ്റിയ സ്ഥലവും വേ ബ്രിഡ്ജും കാടുപിടിച്ച നിലയിലാണ്.

അതിനൂതന ചെക്‌പോസ്റ്റ്

11 കോടി ചെലവഴിച്ച് മോട്ടർ വാഹന വകുപ്പിന്റെ രാജ്യത്തെ ആദ്യ 'ന്യൂ ജനറേഷൻ' ചെക്‌പോസ്റ്റാണ് വാളയാറിൽ ഒരുക്കുന്നത്. ടോൾപ്ലാസയുടെ മാതൃകയിൽ മൂന്നുനിലകൾ. വാഹനങ്ങൾ കടന്നു പോകുമ്പോൾ തന്നെ ഭാരം പരിശോധിക്കാൻ കഴിയുന്ന ആധുനിക സജ്ജീകരണങ്ങളോടെയുള്ള മൂന്ന് വേ ബ്രിഡ്ജുകളും ഒരു സ്റ്റാൻഡിംഗ് വേ ബ്രിഡ്ജും. 16 കാമറകളും സി.സി.ടി.വികളും തത്സമയ റെക്കോർഡിംഗ് സംവിധാനവും.

താഴത്തെ നിലയിലാണ് വേ ബ്രിഡ്ജ്. ഇവിടെ ലോറി ജീവനക്കാർക്കുള്ള വിശ്രമമുറിയും ശൌചാലയവുമുണ്ടാകും. രണ്ടാമത്തെ നിലയിൽ ഉദ്യോഗസ്ഥർക്കുള്ള വിശ്രമമുറി, കിച്ചൺ, ശൌചാലയം, മീറ്റിംഗ് ഹാൾ. മൂന്നാമത്തെ നിലയിൽ ആധുനിക സംവിധാനങ്ങളുള്ള കൺട്രോൾ റൂമും വിവിധ ഓഫീസ് മുറികളും. തിരുവനന്തപുരത്തിരുന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് നിരീക്ഷിക്കാവുന്ന രീതിയിലാകും കൺട്രോൾ റൂം പ്രവർത്തനം.