കെട്ടിട നിർമ്മാണ സെസ് 6000 കോടി പിരിക്കും

Sunday 12 February 2023 1:56 AM IST

6 ലക്ഷം കെട്ടിട ഉടമകൾക്ക് നോട്ടീസ്

കണ്ണൂർ: കെട്ടിട നിർമ്മാണ തൊഴിലാളി സെസ് കുടിശ്ശികയായ 6000 കോടി രൂപ പിരിച്ചെടുക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം. ആറു ലക്ഷത്തോളം കെട്ടിട ഉടമകൾക്ക് നോട്ടീസ് അയച്ചു കഴിഞ്ഞു. കെട്ടിടത്തിന്റെ വിസ്തൃതിക്കനുസരിച്ച് ഉടമകളിൽ നിന്നാണ് ഈടാക്കുന്നത്.

2005 വരെ ലേബർ ഓഫീസർമാരുടെ നിയന്ത്രണത്തിലാണ് സെസ് പിരിച്ചിരുന്നത്. ഇതു കാര്യക്ഷമമല്ലെന്ന് കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡും തൊഴിലാളി സംഘടനകളും പരാതിപ്പെട്ടതോടെ സെസ് പിരിവ് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറുകയായിരുന്നു.

1995നുശേഷം

നിർമ്മിച്ച വീടുകൾക്ക്

പത്തുലക്ഷവും അതിൽ കൂടുതലും ചെലവിട്ട് 1995ന് ശേഷം നിർമ്മിച്ച വീടുകൾക്കാണ് സെസ്. 100 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് പുതുക്കിയ മാനദണ്ഡമനുസരിച്ച് 7050 രൂപ സെസ് നൽകേണ്ടി വരും.

സെസ് ഇരുട്ടടി

നിർമ്മാണ സാമഗ്രികളുടെ നികുതി, തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിട നികുതി, ആഡംബര നികുതി, ഒറ്റത്തവണ നികുതി എന്നിവയ്ക്ക് പുറമെയാണ് സെസ്. നേരത്തെ ലേബർ ഓഫീസർമാർ നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വൻതുക സെസ് നൽകിയ വീട്ടുടമകളും നിരവധിയുണ്ട്. വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളും സെസ് അടയ്‌ക്കണം.

കെട്ടിട ഉടമകളെ പിഴിയാനല്ല, തൊഴിലാളികളെ സംരക്ഷിക്കാനാണ് സെസ് പിരിക്കുന്നത്.

വി.ശശികുമാർ, ചെയർമാൻ, കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ്

Advertisement
Advertisement