വേനൽ മഴ കുറഞ്ഞു, ജലക്ഷാമം ഉയർന്നു

Sunday 12 February 2023 12:20 AM IST

കൊല്ലം : വേനൽ കടുത്തതോടെ ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെളള ക്ഷാമം രൂക്ഷമായി. പത്തനാപുരം, പുനലൂർ താലൂക്കുകളിലെ മലയോര പ്രദേശങ്ങളെയാണ് ജലക്ഷാമം കഠിനമായി ബാധിച്ചു തുടങ്ങിയത്. വേനൽ മഴയുടെ കുറവ് കുടിവെളളത്തിന്റെ ലഭ്യതയെ കാര്യമായി ബാധിച്ചു. ഒരു വേനൽ മഴ മാത്രമാണ് പല സ്ഥലങ്ങളിലും കാര്യമായി ലഭിച്ചത്. പകൽ ചൂട് രൂക്ഷമായിട്ടുണ്ട്. വരൾച്ചയും ജലദൗർലഭ്യവും ക്യഷിയെയും ബാധിച്ചു തുടങ്ങി. ജില്ലയിലെ പ്രധാന പ്രദേശങ്ങളില്ലൊം നീരൊഴുക്ക് നിലനിർത്തിയിരുന്ന കല്ലട, അച്ചൻകോവിൽ, പളളിക്കലാറുകളിലെ ജലനിരപ്പ് താണു തുടങ്ങി. മഴയില്ലായ്മ തുടർന്നാൽ നദികൾ വരളുകയും എല്ലാ മേഖലകളിലും ജലക്ഷാമം രൂക്ഷമാവുകയും ചെയ്യും. നദികളെ ആശ്രയിച്ചുള്ള കുടിവെളള പദ്ധതിയെയും വരും ദിവസങ്ങളിൽ ബാധിച്ചു തുടങ്ങും. മലയോര മേഖലകളിൽ മാത്രമല്ല,​ കൊല്ലം നഗരം വരെയുള്ള തീരപ്രദേശങ്ങളിലും ഈ കുടിവെളള പദ്ധതികളിൽ നിന്നാണ് കുടിവെളളം ലഭിക്കുന്നത്.

ആശ്വാസമായി

കെ.ഐ.പി കനാൽ

കല്ലട ഇറിഗേഷൻ പദ്ധതിയുടെ കനാലുകൾ തുറന്നു വിട്ടത് ജനങ്ങൾക്ക് വലിയ ആശ്വാസമായി.

വേനൽ കടുക്കുമ്പോൾ കെ.ഐ.പി കനാലിലെ വെളളമാണ് കൃഷി നിലനിർത്തുന്നത്. ജലാശയങ്ങളിലെയും കിണറുകളിലെയും ജലനിരപ്പ് ക്രമാതീതമായി താഴാതെ പിടിച്ചുനിറുത്തുന്നത് കനാൽ വെള്ളമാണ്. സമയബന്ധിതമായി അറ്റകുറ്റപ്പണികൾ ചെയ്യാത്തത് കാരണം പൊട്ടിപ്പൊളിഞ്ഞും മാലിന്യം നിറഞ്ഞും കനാലിലെ സുഗമമായ ഒഴുക്ക് തടസ്സപ്പെട്ടിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാൽ ശുചീകരണം നടത്തിരുന്നെങ്കിലും അടുത്തകാലത്ത് അതും നിലച്ചു.

ഉയരം കൂടിയാൽ

വറുതിയും കൂടും

പത്തനാപുരം, പുനലൂർ താലൂക്കുകളിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെളള ക്ഷാമം രൂക്ഷമാണ്. പത്തനാപുരത്ത് പൂക്കുന്നിമല, കുര്യോട്ടുമല കുടിവെളള പദ്ധതികളുണ്ടെങ്കിലും വേനൽക്കാലത്തെ വർദ്ധിച്ച ജല ആവശ്യം നിറവേറ്റാൻ ഇവയൊന്നും പര്യാപ്തമല്ല. ഉയർന്ന പ്രദേശങ്ങളിൽ വെളളം എത്താറില്ല. ഇതുകാരണം പല ദിവസങ്ങളിലും വീടുകളിൽ വെളളം കിട്ടാറുമില്ല. കിഴക്കേ കല്ലട, ശൂരനാട്, പോരുവഴി തുടങ്ങിയ പഞ്ചായത്തുകളിലും കുടിവെളള ക്ഷാമം രൂക്ഷമാണ്.

എങ്ങുമെത്താതെ

ഞാങ്കടവ് പദ്ധതി

കൊല്ലം നഗരത്തിലെ കുടിവെളള ക്ഷാമത്തിനുള്ള ശാശ്വത പരിഹാരമാണ് ഞാങ്കടവ് പദ്ധതി ലക്ഷ്യമിട്ടത്. എന്നാൽ പദ്ധതി എങ്ങുമെത്തിയില്ല. ഇത് നഗരത്തിൽ ഇത്തവണയും കുടിവെളള പ്രശ്നം രൂക്ഷമാക്കും. ശാസ്താംകോട്ട പദ്ധതിയിൽ നിന്നുളള ജലമാണ് നഗരത്തിലെ ക്ഷാമം പരിഹരിച്ചുകൊണ്ടിരുന്നത്. കായലിലെ നീരൊഴുക്ക് കുറയുന്നത് നഗരത്തിലെ കുടിവെളള വിതരണത്തെയും കാര്യമായി ബാധിക്കും.

Advertisement
Advertisement