ചിന്തയ്‌ക്കെതിരെ പുതിയ വിവാദം: ഭക്ഷണം നൽകാൻ വൈകിയതിന് ഹോട്ടൽ ജീവനക്കാരോട് തട്ടിക്കയറി, ഒപ്പമുണ്ടായിരുന്നത് സി പി എം ഉന്നതനും ഭാര്യയും

Sunday 12 February 2023 3:09 PM IST

തിരുവനന്തപുരം: ഡോക്ടറേറ്റ്, ശമ്പള വിവാദങ്ങൾക്കു പിന്നാലെ വീണ്ടും വിവാദത്തിൽ യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. ഇക്കുറി ഭക്ഷണം വൈകിയതിന് ഹോട്ടൽ ജീവനക്കാരോട് കയർത്തെന്നാണ് പ്രചാരണം. വ്യാഴാഴ്ച രാത്രി 11.30ന് കിള്ളിപ്പാലത്തെ ഹോട്ടലിലാണ് സംഭവം. ഭക്ഷണം വൈകിയത് ചിന്തയെ പ്രകോപിപ്പിച്ചുവത്രെ. സി.പി.എം പോളിറ്റ് ബ്യുറോ അംഗം എം.എ.ബേബിയും ഭാര്യ ബെറ്റി ലൂയിസ് ബേബിയും അടക്കം എട്ടോളം പേരാണ് ഭക്ഷണം കഴിക്കാനെത്തിയത്. ശകാരം കടുത്തതോടെ ഭക്ഷണം നൽകില്ലെന്നായി ഹോട്ടൽ ജീവനക്കാർ. ഭക്ഷണം ഓർഡർ ചെയ്താൽ ഉണ്ടാകാവുന്ന താമസം മാത്രമേ സംഭവിച്ചുള്ളൂ എന്നാണ് ഹോട്ടലുകാരുടെ വിശദീകരണം.

നിഷേധിച്ച് ചിന്ത

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയി എന്നത് സത്യമാണ്. ഞങ്ങൾ ഭക്ഷണം കഴിച്ചു വന്നു. അതല്ലാതുള്ളതെല്ലാം അസത്യമാണ്. ഇത്തരം വാർത്തകൾക്കെതിരെ പരാതി നൽകണമോയെന്ന് പാർട്ടി നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ചിന്ത വിവാദത്തോട് പ്രതികരിച്ചു.