ചന്തംചാർത്തി പുത്തനാൽക്കൽ കാളവേല

Monday 13 February 2023 12:24 AM IST

ഇന്ന് താലപ്പൊലി ആഘോഷിക്കും

ചെർപ്പുളശ്ശേരി: തട്ടകങ്ങളിൽ ആവേശം നിറച്ച് പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ കാളവേല ആഘോഷിച്ചു. രാവിലെ ഒമ്പതിന് പാലും വെള്ളരി നിവേദ്യത്തോടെയാണ് ചടങ്ങ് തുടങ്ങിയത്. തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് ഓട്ടൻ തുള്ളൽ, കഞ്ഞിസദ്യ എന്നിവയുണ്ടായി.

ഉച്ചയ്ക്ക് മൂന്നുമുതൽ കരിവേല, സ്കൂൾവേല വരവോടെ വിവിധ ദേശങ്ങളിൽ നിന്നുള്ള കാളവരവ് തുടങ്ങി. കാവുവട്ടത്ത് നിന്ന് ദീപാലങ്കാര പ്രഭയിൽ നിരനിരയായുള്ള ഇണക്കാളകളുടെ വരവ് നഗരത്തിന് നിറക്കാഴ്ചയായി. ചെവിയാട്ടുന്നതും തലയിളക്കുന്നതും ദീപാലംകൃതവുമായ ഇണക്കാളകോലങ്ങൾ ഒന്നിന് പിറകെ ഒന്നായി എഴുന്നള്ളി തുടങ്ങിയതോടെ ആർപ്പുവിളികളുമായി ഉത്സവപ്രേമികളും വഴികളിൽ നിറഞ്ഞു. അർദ്ധരാത്രി വരെ കാളയിറക്കം തുടർന്നു. രാത്രി ഏഴിന് കാവിൽ ബാലെയും ഒമ്പതിന് തായമ്പകയും അരങ്ങേറി. 10.30ന് പാനപിടുത്തമുണ്ടായി. ഇന്ന് വൈകിട്ട് ഗജവീരന്മാരുടെയും, പഞ്ചവാദ്യത്തിന്റെയും അകമ്പടിയിൽ താലപ്പൊലി എഴുന്നള്ളിപ്പും നടക്കും.