കെ.പി.പി.എല്ലിൽ ഇനി കടലാസ് പെട്ടികളും

Monday 13 February 2023 2:22 AM IST
KPPL

കോട്ടയം: കേന്ദ്രത്തിൽ നിന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത വെള്ളൂർ കേരള പേപ്പർ പ്രൊഡക്‌ട്സ് ലിമിറ്റഡിൽ (കെ.പി.പി.എൽ) ന്യൂസ്‌പ്രിന്റിന്റെ വ്യാവസായിക ഉത്പാദനം ആരംഭിച്ചതിന് പിന്നാലെ ഗുണനിലവാരമുള്ള കടലാസ് പെട്ടികളുടെ നിർമ്മാണവും ഉടൻ തുടങ്ങും. വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായാണ് പേപ്പർ പ്രോഡക്ട്സ് മറ്റ് ഉത്പന്നങ്ങളുടെ നിർമ്മാണത്തിലേക്കും കടക്കുന്നത്.

ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം പിന്നിടുമ്പോൾ രാജ്യത്തെ 11 പത്രങ്ങൾക്കുള്ള കടലാസുകൾ കെ.പി.പി.എൽ നിർമ്മിച്ച് വിതരണം തുടങ്ങി. ദിവസം 175 ടൺ കടലാസാണ് നിർമ്മിക്കുന്നത്. അടുത്തമാസം പ്ളാന്റിന്റെ പരമാവധി ശേഷിയായ 320 ടണ്ണിലേക്കെത്തും.

1.80 ലക്ഷം ടണ്ണിന്റെ പ്ളാന്റ്

പാക്കിംഗ് വിഭാഗത്തിലേക്കുള്ള പുതിയ ചുവടുവയ്പ്പിന്റെ ഭാഗമായി 1.80 ലക്ഷം ടൺ കപ്പാസിറ്റിയുള്ള പ്ളാന്റാണ് ഒരുക്കുന്നത്. വിദേശത്ത് നിന്നുള്ള യന്ത്രങ്ങൾ ഏപ്രിലോടെ എത്തും. ഏപ്രിലിൽ ലോഞ്ചിംഗും രണ്ട് വർഷത്തിനകം വ്യാവസായികാടിസ്ഥാന ഉത്പാദനവുമാണ് ലക്ഷ്യം. കട്ടികൂടിയത്, കുറഞ്ഞത് അങ്ങനെ വിവിധ രൂപത്തിലും വലിപ്പത്തിലുമുള്ള പെട്ടികൾ പുറത്തിറക്കും. മുന്തിയ ഇനം ബ്രാൻഡുകളെല്ലാം കെ.പി.പി.എല്ലിന്റെ കടലാസ് പെട്ടികളിൽ പൊതിഞ്ഞാവും നമ്മുടെ കൈകളിലെത്തുക. ഇതിനായി പ്രത്യേകം തൊഴിലാളികളെയും നിയമിക്കും. പിന്നാലെ ടിഷ്യൂ പേപ്പർ നിർമ്മാണവും ആരംഭിക്കും.

കടലാസ് പെട്ടികൾ ഇവയ്ക്ക്

സ്‌പ്രേ, പെർഫ്യൂം, സമ്മാനങ്ങൾ, മദ്യം, കേക്ക്, ഇലക്ട്രോണിക്സ്, ഇലക്ട്രിക് ഉപകരണങ്ങൾ, മറ്റ് ഭക്ഷണ സാധനങ്ങൾ എന്നിവ പൊതിയാൻ ഉപയോഗിക്കുന്നു.

'സ്വന്തം" മരങ്ങളും

 പൾപ്പിന് വനംവകുപ്പ് നൽകിയത് 24,000 മെട്രിക് ടൺ മരം

 ഇനി സർക്കാർ ഭൂമി പാട്ടെത്തിനടുത്ത് കൃഷി

 നടുന്നത് യൂക്കാലിപ്റ്റസ്, പൈൻ, മാഞ്ചിയം

 7 വർഷത്തെ വളർച്ചയ്ക്കുള്ളിൽ പൾപ്പിനുള്ള മരം ലഭ്യം