എൽ ഐസിക്ക് ലാഭം ₹22,970 കോടി

Monday 13 February 2023 3:02 AM IST

ചെന്നൈ: നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ ഒമ്പതുമാസക്കാലയളവിൽ (ഏപ്രിൽ-ഡിസംബർ) എൽ.ഐ.സി 22,970 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനകാലത്തെ 1,672 കോടി രൂപയിൽ നിന്നാണ് കുതിപ്പ്. മൊത്തം പ്രീമിയം വരുമാനം 2.83 ലക്ഷം കോടി രൂപയിൽ നിന്ന് 20.65 ശതമാനം മുന്നേറി 3.42 ലക്ഷം കോടി രൂപയായി.

ഏപ്രിൽ-ഡിസംബറിൽ 1.29 കോടി വ്യക്തിഗത പോളിസികളാണ് എൽ.ഐ.സി വിറ്റഴിച്ചത്. മുൻവർഷത്തെ സമാനകാലത്തെ 1.26 കോടിയേക്കാൾ 1.92 ശതമാനം അധികമാണിത്. ഡിസംബർ 31 പ്രകാരം എൽ.ഐ.സി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (എ.യു.എം) 40.12 ലക്ഷം കോടി രൂപയിൽ നിന്ന് 10.54 ശതമാനം വർദ്ധിച്ച് 44.34 ലക്ഷം കോടി രൂപയായി.

ഐ.ആർ.ഡി.എ.ഐയുടെ കണക്കുപ്രകാരം ആദ്യവർഷ പ്രീമിയം വരുമാനത്തിൽ എൽ.ഐ.സിയുടെ വിപണിവിഹിതം 61.40 ശതമാനത്തിൽ നിന്നുയർന്ന് 65.38 ശതമാനത്തിലുമെത്തി.

''വൈവിദ്ധ്യങ്ങളായതും ഉപഭോക്തൃസൗഹൃദവുമായ ഉത്‌പന്നങ്ങളാണ് എൽ.ഐ.സിയുടെ കരുത്ത്. വിപണിയിലെ മികച്ച സ്വീകാര്യത മുറുകെപ്പിടിക്കാനും വളർച്ചയും വിപണിവിഹിതവും കൂടുതൽ ഉയർത്താനും കഴിയുമെന്ന ആത്മവിശ്വാസമുണ്ട് ""

എം.ആർ.കുമാർ,​

ചെയർമാൻ,​ എൽ.ഐ.സി