ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം ഭക്തി സാന്ദ്രം

Monday 13 February 2023 12:09 AM IST
ശ്രീകണ്‌ഠേശ്വര ക്ഷേത്രം

കോഴിക്കോട് : ശ്രീകണ്‌ഠേശ്വരക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം രണ്ടാംദിവസം ഭക്തി സാന്ദ്രമായി. രാവിലെ വിശേഷാൽ പൂജകളും രാവിലെയും വൈകിട്ടും എഴുന്നെള്ളിപ്പും നടന്നു. ഒല്ലൂർ ശിവക്ഷേത്രം മാതൃസമിതിയുടെ നാരായണീയ പാരായണം, ശ്രുതിലയയുടെ ഭജന എന്നിവയും ശാസ്ത്രീയ സംഗീതം, ലളിതഗാനം, നൃത്തം എന്നിവയിൽ മത്സരങ്ങളും നടന്നു. കസബ പ്രാദേശിക കമ്മിറ്റിയുടെ ആഘോഷവരവ്‌ കോട്ടയിൽ ജയരാജന്റെ വസതിയിൽ നിന്ന് ആരംഭിച്ചു. കൺവീനർ കളത്തിൽ സുബ്രഹ്മണ്യൻ, ഡയറക്ടർ ശ്രീജിത്ത് കളത്തിൽ, ഭരണസമിതി അംഗം തറമ്മൽ പ്രശോഭ്കുമാർ, അരങ്ങിൽ ഗിരീഷ്‌കുമാർ, വിജയരാജ് കാളൂർ, സുഷീർ അച്ചാഴിയത്ത് തുടങ്ങിയവർ നേതൃത്വം നൽകി. വനിതകളും ബാലികമാരും താലപ്പൊലിയേന്തിയ വരവിൽ ദേവനൃത്തം, ചെണ്ടമേളം, നിശ്ചലദൃശ്യം എന്നിവ പൊലിമ കൂട്ടി. ആഘോഷ വരവിന്‌ ക്ഷേത്രയോഗം പ്രസിഡന്റ് പി.വി.ചന്ദ്രന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ സ്വീകരണം നൽകി. ചലച്ചിത്ര പിന്നണി ഗായകരും ഭക്തിഗാന കുലപതികളുമായ ചെങ്ങന്നൂർ ശ്രീകുമാർ, തുമ്പൂർ സുബ്രഹ്മണ്യൻ, അരുൺകുമാർ, ഭദ്ര, ശ്രീലക്ഷ്മി തുടങ്ങിയവർ പങ്കെടുത്ത ഭക്തിഗാനമേള അരങ്ങേറി. ഇന്ന് വൈകിട്ട് പുന്നശ്ശേരി ക്ഷേത്രാലയം തുള്ളൽ കളരിയുടെ ഓട്ടൻതുള്ളൽ, നൃത്തശില്പങ്ങൾ എന്നിവ നടക്കും.