ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവം; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

Monday 13 February 2023 12:06 AM IST

കോഴിക്കോട്: മെഡി.കോളേജിൽ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പിനെത്തിയ ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കൽപ്പറ്റ സ്വദേശി വിശ്വനാഥനാണ് മെഡി.കോളേജിന് സമീപം കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്. മരണത്തിൽ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാൻ മെഡി.കോളേജ് പൊലീസ് അസി.കമ്മിഷണർക്കും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകി. കേസ് 21 ന് പരിഗണിക്കും.

അതേസമയം യുവാവിന് നേരെ ആൾക്കൂട്ട മർദ്ദനം ഉണ്ടായിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവാവിനെതിരെ ചിലർ മോഷ്ടാവെന്ന ആരോപണമുന്നയിച്ചിരുന്നതായി മെഡി.കോളേജ് എ.സി.പി കെ.സുദർശനൻ പറഞ്ഞു. എന്നാൽ മോഷണം നടന്നതായി ആരുടെയും പരാതി ലഭിച്ചിട്ടില്ല. ഐ.എം.സി എച്ചിലുണ്ടായ കൂട്ടിരിപ്പുകാരുടെ പണവും മൊബെെലും മോഷണം പോയതായി നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. ഇതിൽ ആശുപത്രി സുരക്ഷാ ജീവനക്കാർ യുവാവിനെ ചോദ്യം ചെയ്തിരുന്നു.

മോഷണം നടന്നുവെന്ന പരാതി ഉയർന്നപ്പോൾ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഭാര്യയുടെ പ്രസവത്തിനായി ഏഴിന് മെഡി.കോളേജിലെത്തിയ വിശ്വനാഥനെ 10നാണ് കാണാതാവുന്നത്. 11ന് രാവിലെ 10.45 ഓടെ ആശുപത്രിക്കടുത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മോഷണം നടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം അപമാനിച്ചതിനെ തുടർന്നാണ് വിശ്വനാഥൻ ജീവനൊടുക്കിയതെന്ന കുടുബത്തിന്റെ ആരോപണത്തിൽ മെഡി.കോളേജ് സുരക്ഷ ജീവനക്കാരുടെ മൊഴി എടുക്കാനുള്ള നടപടികളിലേക്കാണ് പൊലീസ് നീങ്ങുന്നത്. മാതൃ-ശിശു കേന്ദ്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.