കുതിരവട്ടത്തു നിന്ന് ചാടിപ്പോയ കൊലക്കേസ് ,​ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

Monday 13 February 2023 12:28 AM IST

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി മണിക്കൂറുകൾക്കകം പിടിയിലായി. ഫോറൻസിക് വാർഡിലെ തടവുകാരിയായ അന്യ സംസ്ഥാന തൊഴിലാളി പൂനംദേവിയാണ് ഇന്നലെ പുലർച്ചെ 12.15 ഓടെ രക്ഷപ്പെട്ടത്. മലപ്പുറം വേങ്ങര സഞ്ജിത് പസ്വാൻ വധക്കേസിലെ പ്രതിയാണ്. ഇവരെ മലപ്പുറം വേങ്ങരയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഫോറൻസിക് വാർഡിലെ ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ ഇഷ്ടിക കൊണ്ട് കുത്തിയിളക്കി പുറത്തുകടന്ന ഇവർ ആശുപത്രി മതിലിനോട് ചേർന്നു കിടന്ന കേബിളിൽ പിടിച്ചാണ് രക്ഷപ്പെട്ടത്. മറ്റ് അന്തേവാസികൾ കണ്ടപ്പോൾ കുഞ്ഞിനെ കാണാനെന്നായിരുന്നു പറഞ്ഞത്.

ആശുപത്രിയിൽ നിന്ന് പുറത്തുചാടി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്തി രാവിലെ ഏഴരയ്ക്ക് പുറപ്പെട്ട വേങ്ങരയിലേക്കുള്ള ബസിൽ കയറുകയായിരുന്നു. കാലിൽ ചോരയുമായി അന്യഭാഷയിൽ വേങ്ങരയിലേക്കുള്ള ബസ് ചോദിച്ചെത്തിയ യുവതിയിൽ സംശയം തോന്നിയ ചുമട്ടു തൊഴിലാളികളാണ് പൊലീസിൽ വിവരമറിയിച്ചത്.

ബസിനെ പിന്തുടർന്ന പൊലീസ് വേങ്ങരയിൽ ഇറങ്ങിയപ്പോൾ പിടികൂടുകയായിരുന്നു. കഴിഞ്ഞ 11ന് വൈകിട്ടാണ് പൂനംദേവിയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യപരിശോധന പൂർത്തിയാക്കി താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്ക് അയച്ചു. കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് പൂനംദേവി അറസ്റ്റിലായത്. ജനുവരി 31ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. പൂനം ദേവിയും കാമുകൻ ബീഹാർ സ്വദേശിയായ ജയപ്രകാശനും ചേർന്ന് ഭർത്താവ് സഞ്ജിത് പസ്വാനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇവർക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും കിടത്തി ചികിത്സിക്കണമെന്നും നേരത്തെ പരിശോധന നടത്തിയ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ച നിർദ്ദേശ പ്രകാരമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.