സർവമത സമ്മേളന ശതാബ്ദി ഉദ്ഘാടനം 15ന് മുഖ്യമന്ത്രി

Monday 13 February 2023 12:33 AM IST

ആലുവ: ശ്രീനാരായണ ഗുരുദേവന്റെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച ഏഷ്യയിലെ ആദ്യ സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ നടത്തും. ആഘോഷങ്ങൾ 15ന് വൈകിട്ട് ആറിന് അദ്വൈതാശ്രമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ മുഖ്യാതിഥികളാകും. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ വിശിഷ്ടാതിഥിയാകും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ നന്ദിയും പറയും.

100-ാം സർവമത സമ്മേളനം 18ന്

100-ാമത് സർവമത സമ്മേളനം 18ന് വൈകിട്ട് അഞ്ചിന് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി വിശുദ്ധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയായിരിക്കും. വിവിധ മതങ്ങളെ പ്രതിനിധീകരിച്ച് ഡോ. കുര്യാക്കോസ് മാർ തിയോഫിലോസ്, ടി.ആർ. സോമശേഖരൻ, മുസ്തഫ മൗലവി, സ്വാമി ആത്മദാസ് യമി, പ്രൊഫ. വിനോദ് കുമാർ, പ്രകാശ് പണ്ഡിറ്റ്, ടി.ആർ. ബാലചന്ദ്രൻ, അഡ്വ. ടി.ആർ. രാമനാഥൻ എന്നിവർ സംസാരിക്കും.