സർക്കാരിനെതിരെ ശക്തമായ സമരം ഉയരും: ചന്ദ്രശേഖരൻ

Monday 13 February 2023 2:09 AM IST

ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആർ .ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡണ്ട് വി.ആർ .പ്രതാപൻ , വെള്ളനാട് ശ്രീകണ്ഠൻ, കൃഷ്ണവേണി ശർമ്മ, കെ .പി . തമ്പി കണ്ണാടൻ തുടങ്ങിയവർ സമീപം

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ അതിശക്തമായ തൊഴിലാളി സമരങ്ങൾ ഉയർന്നു വരുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ. ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങൾ അടുത്തമാസം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിലെ ക്ഷേമനിധികൾ എല്ലാം തകർന്നു. പെൻഷനുകൾ മുടങ്ങി. പൊതുമേഖല സ്ഥാപനങ്ങൾ നിശ്ചലമായി. സ്വകാര്യവത്കരണത്തിന് സംസ്ഥാന സർക്കാർ ആക്കം കൂട്ടുന്നത് തൊഴിലാളികളെ ആശങ്കപ്പെടുത്തുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തകർത്തു, ഇതിനെതിരായുള്ള വലിയ പ്രക്ഷോഭം ആരംഭിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അത് ഐ.എൻ.ടി.യു.സി ഏറ്റെടുക്കുന്നൂവെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നെടുമങ്ങാട് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 72യൂണിയനുകളെ പ്രതിനിധീകരിച്ച് 311പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് വി. ആർ. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ കെ .പി .തമ്പി കണ്ണാടൻ,കൃഷ്ണവേണി ശർമ്മ,എ .നൗഷാദ് ഖാൻ,വെള്ളനാട് ശ്രീകണ്ഠൻ,വഴിമുക്ക് സയ്യിദലി,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വക്കേറ്റ് അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു.