രഞ്ജി ട്രോഫി : സൗരാഷ്ട്ര ഫൈനലിൽ

Sunday 12 February 2023 11:20 PM IST

സെമിയിൽ കർണാടകയെ തോൽപ്പിച്ചു

ബെംഗളുരു : ആവേശകരമായ രണ്ടാം സെമിഫൈനലിൽ കർണാടകയെ നാലുവിക്കറ്റിന് കീഴടക്കിയ സൗരാഷ്ട്ര രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. വ്യാഴാഴ്ച ഈഡൻ ഗാർഡൻസിൽ തുടങ്ങുന്ന ഫൈനലിൽ ആതിഥേയരായ ബംഗാളാണ് സൗരാഷ്ട്രയുടെ എതിരാളികൾ.

സ്വന്തം തട്ടകത്തിൽ നടന്ന സെമിഫൈനലിൽ കർണാടക ആദ്യ ഇന്നിംഗ്സിൽ 407 റൺസടിച്ചപ്പോൾ സൗരാഷ്ട്ര തിരിച്ചടിച്ച് 527 റൺസ് നേടി. തുടർന്ന് കർണാടകയുടെ രണ്ടാം ഇന്നിംഗ്സ് 234ൽ അവസാനിപ്പിച്ച ശേഷം സൗരാഷ്ട്ര വിജയലക്ഷ്യമായ 115 റൺസ് ആറുവിക്കറ്റ് നഷ്ടത്തിൽ മറിക‌ടക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഇരട്ട സെഞ്ച്വറിയും (202) രണ്ടാം ഇന്നിംഗ്സിൽ പുറത്താവാതെ 47 റൺസും നേടിയ നായകൻ അർപ്പിത് വസവദയാണ് സൗരാഷ്ട്രയുടെ വിജയശിൽപ്പി.

ഉനദ്കദ് രഞ്ജി ഫൈനലിന്

ഓസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് പേസർ ജയ്ദീപ് ഉനദ്കദിനെ റിലീസ് ചെയ്തു. ബെംഗാളുമായുള്ള രഞ്ജി ട്രോഫി ഫൈനലിൽ സൗരാഷ്ട്രയ്ക്ക് വേണ്ടി കളിക്കാനാണ് ഉനദ്കദിനെ ടീമിൽ നിന്ന് സ്വതന്ത്രനാക്കിയത്.