കേരളത്തിന്റെ സന്തോഷം കവർന്ന് കർണാടക

Sunday 12 February 2023 11:26 PM IST

സന്തോഷ്ട്രോഫിയിൽ കർണാടക 1-0ത്തിന് കേരളത്തെ തോൽപ്പിച്ചു

ഭുവനേശ്വർ: സന്തോഷ് ട്രോഫി ഫുട്ബാൾ ഫൈനൽ റൗണ്ട് ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ കേരളം മറുപടിയില്ലാത്ത ഒരു ഗോളിന് കർണാടകയോട് തോറ്റു.ആദ്യ മത്സരത്തിൽ ഗോവയെ 3-2ന് കീഴടക്കിയിരുന്ന കേരളം ഇന്നലത്തെ തോൽവിയോടെ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തായി. ഇതോടെ സെമിപ്രവേശനസാദ്ധ്യതകളും കഠിനമായി.

ഭുവനേശ്വറിലെ ഒഡിഷ ഫുട്ബാൾ അക്കാഡമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ 20-ാം മിനിട്ടിൽ അഭിഷേക് ശങ്കറാണ് കർണാടകയുടെ വിജയ ഗോൾ നേടിയത്. ജേക്കബ് ജോൺ ബോക്‌സിലേക്ക് ഉയർത്തിനൽകിയ പന്ത് കൃത്യമായി ചെസ്റ്റിൽ ടാപ് ചെയ്ത് അഭിഷേക് വലയിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ സീസൺ സന്തോഷ് ട്രോഫിയുടെ സെമിയിൽ 7-3ന് കേരളത്തിനോട് തോറ്റ പ്രതികാരം കൂടിയായി ഇന്നലത്തെ കർണാടകത്തിന്റെ വിജയം.

ആദ്യ മത്സരത്തിൽ ഗോവയെ പരാജയപ്പെടുത്തിയ കേരളത്തെ ഇന്നലെ കർണാടക ശരിക്കും കഷ്ടപ്പെടുത്തി. ഐ.എസ്.എൽ ക്ളബ് ബെംഗളുരു എഫ്.സിയുടെ റിസർവ് ടീം താരങ്ങളുമായി ഇറങ്ങിയ കർണാടകയ്ക്കായിരുന്നു മത്സരത്തിലുടനീളം ആധിപത്യം.അവർ മികച്ച മുന്നേറ്റങ്ങളൊരുക്കിയപ്പോൾ കേരളം ഫിനിഷിംഗിൽ തീർത്തും പരാജയമായി. രണ്ട് മികച്ച അവസരങ്ങളാണ് കേരള താരങ്ങൾ കളഞ്ഞുകുളിച്ചത്. നിജോ ഗിൽബർട്ട് നിറംമങ്ങിയതും സ്‌ട്രൈക്കർ നരേഷിന് ലഭിച്ച അവസരങ്ങൾ മുതലാക്കാനാവാഞ്ഞതും കേരളത്തിന് തിരിച്ചടിയായി. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ മഹാരാഷ്ട്രയെ 4-3ന് തോൽപ്പിച്ച പഞ്ചാബ് രണ്ട് കളികളിൽ നിന്ന് ആറുപോയിന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാമതാണ്. നാലുപോയിന്റുമായി കർണാടകയും ഒഡിഷയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ . നാളെ മഹാരാഷ്ട്രയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. അടുത്ത വെള്ളിയാഴ്ച ഒഡിഷയെയും ഞായറാഴ്ച പഞ്ചാബിനെയും കേരളം നേരിടണം. ഒരു ഗ്രൂപ്പിൽ നിന്ന് പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർക്ക് മാത്രമാണ് സൗദി അറേബ്യയിൽ നടക്കുന്ന സെമിഫൈനൽ റൗണ്ടിലേക്ക് പ്രവേശനം.