കലയുടെ കപ്പിനരികെ സെന്റ് തെരേസാസ്

Monday 13 February 2023 12:26 AM IST

കൊച്ചി: എം.ജി. സർവകലാശാല കലോത്സവത്തിൽ എറണാകുളം സെന്റ് തെരേസാസ് കോളേജ് കപ്പ് ഉറപ്പിച്ചു. ഒപ്പനയടക്കം നാല് മത്സരങ്ങളുടെ പോയിന്റ് വരാനിരിക്കെ മറ്റ് കോളേജുകൾക്ക് എത്തിപ്പെടാൻ പറ്റാത്ത അത്ര ഉയരത്തിലാണ് പോയിന്റ് നിലയിൽ സെന്റ് തെരേസാസ്. ഇന്നലെ രാത്രി 9 മണിക്ക് പുറത്തിറക്കിയ പട്ടിക പ്രകാരം 131 പോയിന്റുമായാണ് സെന്റ് തെരേസാസ് കലാകിരീടത്തിന് അരികെയെത്തിയത്. 99 പോയിന്റുമായി മഹാരാജാസാണ് രണ്ടാംസ്ഥാനത്ത്. തേവര എസ്‌.എച്ച്‌ 95 പോയിന്റുമായി മൂന്നാമതാണ്‌. 54 പോയിന്റുമായി തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് നാലാമത്‌. ചെയർപേഴ്സൺ തേജാസുനിൽ കലാതിലകമായതും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ സഞ്ജന ചന്ദ്രന പ്രതിഭാതിലകമായതും സെന്റ് തെരേസാസിന്റെ വിജയമധുരം ഇരട്ടിപ്പിച്ചു. 2016ലാണ്‌ ഒടുവിൽ സെന്റ്‌ തേരേസാസ്‌ കിരീടം നേടിയത്‌. 2019 മുതൽ തുടർച്ചയായ നാല് വർഷം എസ്.എച്ച് തേവരയായിരുന്നു കലോത്സവ ജേതാക്കൾ.

മുൻവർഷങ്ങളിലേതുപോലെ തന്നെ കൊച്ചിയിലെ കലാലയങ്ങൾ ഇത്തവണയും കപ്പ് വിട്ടുകൊടുത്തില്ല. ആദ്യ നാല് സ്ഥാനങ്ങളും എറണാകുളം തന്നെ നേടി. അവസാനദിവസവും കലോത്സവം കാണാൻ നിരവധിപ്പേരാണെത്തിയത്. ഇന്നലെയും മത്സരങ്ങൾ വൈകി ആരംഭിച്ചത് മത്സരാർത്ഥികളെ കുഴപ്പിച്ചു. ഒന്നാം വേദിയിൽ രാവിലെ 9ന് ആരംഭിക്കേണ്ടിയിരുന്ന ഒപ്പന ഉച്ചയ്ക്ക് 1.30 ഓടെയാണ് തുടങ്ങിയത്. നഗരത്തെ ഉത്സവലഹരിയിലാക്കിയാണ് യുവ പ്രതിഭകൾ മടങ്ങുന്നത്. കൊച്ചി മെട്രോ, ബിനാലെ, ഫോർട്ട്കൊച്ചി,​ മറൈൻ ഡ്രൈവ് എന്നിവിടങ്ങളിലെല്ലാം കലോത്സവത്തിനെത്തിയവരുടെ തിരക്കായിരുന്നു.