നാവികസേനയുടെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ് വിദ്യാർത്ഥികൾ

Monday 13 February 2023 12:55 AM IST

കൊല്ലം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കൊല്ലം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'നാടിനെ അറിയാം' പദ്ധതിയിലൂടെ നാവിസേനയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടറിഞ്ഞ് കൊല്ലം ടൗൺ യു.പി.എസിലെ വിദ്യാർത്ഥികൾ. കൊച്ചി നാവിക ആസ്ഥാനം സന്ദർശിച്ചാണ് പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾ മനസിലാക്കിയത്.

ഐ.എൻ.എസ് മഗർ കപ്പൽ, ഐ.എൻ.എസ് ഗരുഡ എയർ സ്റ്റേഷൻ, എയർ ട്രാഫിക് കൺട്രോൾ സ്റ്റേഷൻ തുടങ്ങിയവ സന്ദർശിച്ച വിദ്യാർത്ഥികൾക്ക് നാവിസേന ഉദ്യോഗസ്ഥർ ഇവയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

തീരസുരക്ഷ പ്രാധാന്യം, കപ്പലിലെ പരിശീലന പ്രവർത്തനങ്ങൾ, മോശം കാലാവസ്ഥ, വെള്ളപ്പൊക്കം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന, പൂർണമായും ഇന്ത്യയിൽ രൂപകല്പന ചെയ്തത് നിർമിച്ച 'ധ്രുവ്' ഹെലികോപ്റ്ററിന്റെ പ്രവർത്തനരീതി, സേനാവിമാനങ്ങൾ ഉൾപ്പെടെ നിരീക്ഷിക്കുന്ന എയർ ട്രാഫിക് കൺട്രോൾ സ്റ്റേഷന്റെ പ്രവർത്തനങ്ങൾ,ആയുധങ്ങൾ ഉപയോഗിക്കാൻ ശേഷിയുള്ള 'രുദ്ര' യുദ്ധവിമാനത്തിന്റെ പ്രവർത്തന രീതികൾ എന്നിവ വിശദീകരിച്ചു.സംസ്ഥാനത്താദ്യമായാണ് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്. 40 അംഗ വിദ്യാർത്ഥി സംഘമാണ് നാവിക ആസ്ഥാനം സന്ദർശിച്ചത്. സ്‌കൂൾ അദ്ധ്യാപകരും പി.ആർ.ഡി ഉദ്യോഗസ്ഥരും പങ്കാളികളായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.എഫ്.ദിലീപ്കുമാർ പരിപാടിക്ക് നേതൃത്വം നൽകി.