എം.ഡി.എം.എയുമായി 4 യുവാക്കൾ പിടിയിൽ

Monday 13 February 2023 12:03 AM IST

കൊല്ലം: സിറ്റി പൊലീസിന്റെ പരിധിയിൽ നടന്ന പരിശോധനയിൽ എം.ഡി.എം.എയുമായി നാല് യുവാക്കൾ പിടിയിലായി. പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ട്, ഗാന്ധി നഗർ 95, ഷിബിനാ മൻസിലിൽ നാദിർഷാ (25), തേവള്ളി പാലസ് നഗർ 71ൽ, കല്പിടാന്തി വടക്കതിൽ വീട്ടിൽ നിഥിൻ(23), ദേശിംഗനാട് നഗർ34 ൽ അഭിനന്ദ്(20), കിളികൊല്ലൂർ, കോയിക്കൽ, എ.എസ് മൻസിലിൽ സെയ്ദാലി (25) എന്നിവരാണ് വിവിധ സ്റ്റേഷൻ പരിധിയിൽ അറസ്റ്റിലായത്.

പളളിത്തോട്ടം എച്ച്ആൻഡ് സി കോമ്പൗണ്ടിനുള്ളിൽ പള്ളിത്തോട്ടം പൊലീസ് ഇൻസ്‌പെക്ടർ ഫയാസിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 1460 മില്ലീഗ്രാം എം.ഡി.എം.എ യുമായി നാദിർഷായെ അറസ്റ്റ് ചെയ്തത്. കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ അരുണിന്റെ നിർദ്ദേശപ്രകാരം എസ്.ഐ ജിബിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 855 മില്ലീഗ്രാം എം.ഡി.എം.എ യുമായി നിഥിനും അഭിനന്ദും പിടിയിലായത്. പാരിപ്പള്ളിയിൽ പൊലീസ് സ്റ്റേഷനിൽ പിടിയിലായ സെയ്ദാലിയിൽ നിന്ന് 415 ഗ്രാം കഞ്ചാവും, 3.06 ഗ്രാം എം.ഡി.എം.എ യുമാണ് പൊലീസ് കണ്ടെത്തിയത്. ഇയാൾ മുമ്പും നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ്.