അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് സമാപിച്ചു
ചെറുകോൽപ്പുഴ : സനാതന ധർമ്മത്തിന് ഒരുകാലത്തും കോട്ടം സംഭവിക്കില്ലെന്നും ഗംഗോത്രി കാളികാംബാൾ പീഠം സ്വാമി നാരായണ തീർത്ഥ ശങ്കരാചാര്യർ. 111-ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമാപന സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദാസ് ക്യാപ്പിറ്റലിൽ എഴുതി വച്ചിരിക്കുന്ന കാര്യങ്ങൾ അതിനെത്രയോ സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ലളിതാസഹസ്രനാമത്തിൽ എഴുതിച്ചേർത്തിട്ടുണ്ട്. വ്യക്തി നന്നായാൽ കുടുംബം നന്നാകും. കുടുംബം നന്നായാൽ സമൂഹം നന്നാകും. ആരേയും തിരസ്‌ക്കരിക്കുകയല്ല ഏവരേയും സ്വീകരിക്കുക എന്നതാണ് ഭാരത സംസ്‌കാരം. അത് നമ്മൾക്ക് പകർന്ന് നൽകിയത് പൂർവ്വീകരാണ്.ചട്ടമ്പിസ്വാമിയും തീർത്ഥപാദ പരമഹംസരും ഉൾപ്പെടുന്ന നവോത്ഥാന നായകർ അദ്ഭുത വ്യക്തിത്വങ്ങളാണ്. കേരളത്തോളം സാംസ്‌കാരികമായി സമ്പന്നമായ മറ്റൊരു സ്ഥലമില്ല. കേരളം എന്ന് കേട്ടാൽ ആദ്യം മനസിലെത്തുന്നത് ശബരിമലയും തത്ത്വമസി എന്ന വാചകവുമാണ്. അനന്തപുരിയും ശബരിമലയും കേരളത്തിന്റെ ആദ്ധ്യാത്മിക ചൈതന്യങ്ങളാണ്. ഭാരതത്തി ൽ എല്ലാ നദികളും പുണ്യനദികളായാണ് കണക്കാക്കുന്നത്. ഗംഗയ്ക്ക് സമാനമായ പവിത്രതയാണ് പമ്പാനദിക്ക് കല്പിക്കുന്നത്. അതിനെ പരിപാലിച്ച് നിലനിറുത്തേണ്ടത്ത് നമ്മുടെ കടമയാണന്നും സ്വാമി പറഞ്ഞു. അമൃതാനന്ദമയീ മഠം സ്വാമി അനഘാമൃതാനന്ദപുരി അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സംസ്‌കാരിക മന്ത്രി സജി ചെറിയാൻ, ആന്റോ ആന്റണി എം.പി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ ഗോദാനം നടത്തി. അയിരൂർ ഗുരുകുലാശ്രമത്തിലെ എച്ച്.ഹരികൃഷ്ണൻ സമാപന സന്ദശം നൽകി. മഹാമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ .കെ.ഹരിദാസ്, ജോ.സെക്രട്ടറി അനിരാജ് ഐക്കര എന്നിവർ പ്രസംഗിച്ചു.