തിരുവചനം ചൊരിഞ്ഞു മാരാമൺ, വിശ്വാസ തീരം ഉണർന്നു
മാരാമൺ : ജാതിമത വ്യത്യാസമില്ലാതെ ആർക്കും പങ്കെടുക്കാൻ കഴിയുന്ന ആത്മീയ പ്രഘോഷണത്തിന്റെ പുണ്യകേന്ദ്രമായി പമ്പാ മണൽപ്പുറം. ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് ഇനിയുള്ള ഒരാഴ്ചക്കാലം പമ്പാമണൽ പരപ്പിൽ ദൈവീക വചനങ്ങൾ മുഴങ്ങും. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനത്തിനാണ് മാരാമണ്ണിൽ വിശ്വാസസമൂഹം ഒന്നിക്കുന്നത്. ആദ്യദിനം പതിനായിരത്തോളം ആളുകൾ കൺവെൻഷൻ നഗരിയിലേക്ക് ഒഴുകിയെത്തി. വിവിധ ക്രൈസ്തവ ബിഷപ്പുമാർക്ക് പുറമെ മന്ത്രിമാരായ വീണാജോർജ്ജ്, റോഷി അഗസ്റ്റിൻ, ആന്റണിരാജു, എം.പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ, എം.എൽ.എമാരായ മാത്യു ടി.തോമസ്, പ്രമോദ് നാരായണൻ, മുൻ എം.എൽ.എമാരായ മാലേത്ത് സരളാദേവി, എലിസബത്ത് മാമ്മൻ മത്തായി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ എന്നിവർ സന്നിഹിതരായിരുന്നു.
ഒരേസമയം ഒരു ലക്ഷം പേർക്ക് ഇരിക്കാൻ കഴിയുന്ന ഓലമേഞ്ഞ പന്തലാണ് ഒരുക്കിയിരിക്കുന്നത്. ഇനിയുള്ള ഏഴ് ദിവസങ്ങളിൽ സെമിനാറുകൾ, ബൈബിൾ ക്ലാസുകൾ, യുവവേദി, പ്രഭാഷണങ്ങൾ എന്നിവ നടക്കും. പതിനെട്ടിന് നടക്കുന്ന യുവവേദി സമ്മേളനത്തിൽ യുവാക്കളും കുടിയേറ്റവും എന്ന വിഷയത്തിൽ ശശി തരൂർ എം.പി സംസാരിക്കും. ശ്രീലങ്കയിൽ നിന്നുള്ള ബിഷപ്പ് ദിലോരാജ് കനഗസാബെ, ഇംഗ്ലണ്ടിലെ ബിഷപ്പ് കാനൻ മാർക്ക് ഡി ചാപ്മൻ എന്നിവരൊഴികെ മറ്റാരും ഇക്കൊല്ലം രാജ്യത്തിന് പുറത്ത് നിന്നുണ്ടാവില്ല.