ചൂട്ട് വയ്പ്പ് ഇന്ന്, കാവുണരുന്നു ; കുരമ്പാലയിൽ ഉത്സവനാളുകൾ
പന്തളം : അഞ്ചാണ്ട് കൂടുമ്പോൾ എത്തുന്ന അടവി മഹോത്സവത്തിന്റെ ആവേശത്തിലാണ് കുരമ്പാലക്കാർ. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരേ ആവേശത്തോടെ ഗ്രാമോത്സവത്തെ വരവേൽക്കാനൊരുങ്ങുകയാണ്. കുരമ്പാലയിൽ ഇനി തപ്പിന്റെ താളവും കോലപ്പാട്ടിന്റെ ഈണവും അലയടിക്കും.
നാട് കാണാനിറങ്ങിയ ദേവിയെ ഇന്ന് രാത്രി തിരിച്ച് അകത്ത് എഴുന്നെള്ളിച്ചു കഴിയുമ്പോൾ പടയണിക്ക് ചൂട്ടുവയ്ക്കും. ഫെബ്രുവരി 22 വരെ ചൂട്ടുവയ്പ്പ് നീളും. 23ന് പടയണി ആരംഭിക്കും. മാർച്ച് 3നാണ് ഇക്കുറി ചൂരൽ ഉരുളിച്ച. പടയണി ആരംഭിച്ച് പതിമൂന്നാം നാൾ ക്ഷേത്രനടയിൽ ഭൈരവി തുള്ളിയൊഴിഞ്ഞ്, കോലത്തിന് മുമ്പിൽ കരിങ്കോഴിയെ കാട്ടി മോഹിപ്പിച്ച് കൂടെ കൂട്ടി പാലമരങ്ങളും പൂക്കൈതകളും ഇലഞ്ഞിയും നിറഞ്ഞ ചിറ മുടിയിലെത്തി മണ്ണാന്റെ മാന്ത്രിക കർമ്മവും കഴിഞ്ഞ് തിരിഞ്ഞു നോക്കാതെ കരക്കാർ തിരികെപോരുന്നു. തിരിഞ്ഞുനോക്കിയാൽ ഭൂതപ്രേതങ്ങൾ കൂടെ പോരുമെന്നാണ് വിശ്വാസം.