കണി ഒരുക്കും ഗ്രാമം പദ്ധതി ആരം​ഭിച്ചു

Monday 13 February 2023 12:37 AM IST

പന്തളം: വിഷുവിന് പന്തളം തെക്കേക്കര പഞ്ചായത്തിന് ആവശ്യമായ വിഷുക്കണികൾ തദ്ദേശീയമായി തന്നെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പന്തളം തെക്കേക്കര പഞ്ചായത്തും കൃഷിഭവനും ചേർന്നൊരുക്കുന്ന കണിയൊരുക്കും ഗ്രാമം പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി കണിവെള്ളരിയുടെ വിത്ത് നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിർവഹിച്ചു.വിഷുക്കണിക്ക് തെക്കേക്കരയിലേക്ക് ആവശ്യമായ വിഷു കിറ്റുകൾ തയാറാക്കുന്നതിന് പയർ, വെണ്ട, ചീര, ചക്ക ,വെള്ളരി തുടങ്ങിയവ തദ്ദേശീയമായി തന്നെ ശേഖരിച്ച് വിപണനം നടത്തുകയുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി കുടുംബശ്രീ ഉൾപ്പെടെയുള്ള യൂണിറ്റുകളുടെ സഹായവും ഉറപ്പുവരുത്തിയിട്ടുണ്ട്. വിഷുക്കണി കിറ്റുകൾ ഓൺലൈൻ രജിസ്‌ട്രേഷൻ മുഖേനയും കൃഷിവകുപ്പിന്റെ വിപണന കേന്ദ്രം വഴിയുമാണ് വിതരണം നടത്തുക. സാധാരണ പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി കൃഷി ബിരുദധാരികളായ വിദ്യാർത്ഥികൾ തുടങ്ങി ഒട്ടനവധി ചെറുപ്പക്കാർ കൂടി ഈ ആശയത്തോട് സഹകരിക്കുന്നു എന്നത് കാർഷിക മേഖലയിൽ പുതിയ പ്രതീക്ഷകൾ നൽകു​ന്നു. ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി വിദ്യാധര പണിക്കർ, ഹരിതസംഘം ഭാരവാഹികളായ മോഹൻകുമാർ, എം.ജി. പ്രസാദ്, സീനിയർ കൃഷി അസിസ്റ്റന്റ് എൻ. ജിജി, ജസ്റ്റിൻ എം.സുരേഷ് കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടു​ത്തു.