രാഹുൽ ഗാന്ധി എം.പി ഇന്ന് വയനാട്ടിൽ

Monday 13 February 2023 12:57 AM IST

കൽപ്പറ്റ: ഭാരത് ജോഡോ യാത്രയ്ക്കുശേഷം രാഹുൽഗാന്ധി എം.പി ഇന്ന് വയനാട്ടിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഇന്നലെ രാത്രി 9 മണിയോടെ കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ രാഹുൽ ഗാന്ധിക്ക് ഉജ്ജ്വല വരവേൽപ്പാണ് നൽകിയത്. തുടർന്ന് റോഡ് മാർഗം കൽപ്പറ്റ പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിലെത്തി. ഇന്ന് രാവിലെ 9 മണിക്ക് കൽപ്പറ്റ മണിയൻകോട് കോൺഗ്രസ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിക്കും. 10ന് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 12ന് ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം അവലോകന യോഗത്തിലും 12 30ന് ജില്ലാ ഇലക്ട്രിസിറ്റി കമ്മിറ്റി യോഗത്തിലും എം.പി പങ്കെടുക്കും. തുടർന്ന് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാനന്തവാടി പുതുശ്ശേരിയിലെ തോമസിന്റെ വീട് സന്ദർശിക്കും. വൈകിട്ട് 3 30ന് മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഒരുക്കിയ പൊതുസമ്മേളനത്തിൽ രാഹുൽഗാന്ധി പങ്കെടുക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരത്തോളം പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഡി.സി.സി നേതൃത്വം അറിയിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, താരിഖ് അൻവർ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.