ഗുരുദേവൻ വിപ്ലവകാരിയായ സന്യാസി: മന്ത്രി ജി.ആർ .അനിൽ

Monday 13 February 2023 1:13 AM IST

നെയ്യാറ്റിൻകര: മറ്റ് സന്യാസ സങ്കല്പത്തിൽ നിന്ന് വ്യത്യസ്തമായി നാടിനും സംസ്കാരത്തിനും ഗുണകരമായ സംഭാവനകളാണ് ശ്രീനാരായണ ഗുരുദേവൻ സമൂഹത്തിന് നൽകിയതെന്നും, അതിനാലാണ് ഗുരുദേവനെ സന്യാസികൾക്കിടയിലെ വിപ്ലകാരിയെന്ന് വിശേഷിപ്പിക്കുന്നതെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. അരുവിപ്പുറം ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തിന്റെയും മഹാശിവരാത്രി ആഘോഷങ്ങളുടെയും ഭാഗമായി സംഘടിപ്പിച്ച സ്വയം പര്യാപ്തതയും ഗുരുദർശനവും സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വലിയൊരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനും, അവരുടെ പങ്ക് സ്വയം ബോധ്യപ്പെടുത്താനും ഗുരു നടത്തിയ പ്രവർത്തനങ്ങൾ എന്നും സ്മരിക്കപ്പെടും. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അരുവിപ്പുറത്തെ ശിവ പ്രതിഷ്ഠയെന്ന് മന്ത്രി പറഞ്ഞു. സ്വാമി ബോധിതീർത്ഥ അദ്ധ്യക്ഷത വഹിച്ചു. ജി. സ്റ്റീഫൻ എം.എൽ.എ, സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ ചെയ‌ർമാൻ പി. രാമഭദ്രൻ, ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന കേന്ദ്രം ഡയറക്ടർ ഡോ.എസ്.ശിശുപാലൻ, മുൻ എം.എൽ.എ ശരത്ചന്ദ്രപ്രസാദ്, സാഹിത്യ അക്കാഡമി മുൻ അംഗം മങ്ങാട് ബാലചന്ദ്രൻ എന്നിവരും സംസാരിച്ചു. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും അരുവിപ്പുറം സെൻട്രൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് അജി.എസ് നന്ദിയും പറഞ്ഞു.