ശരിയെന്ന് തോന്നിയത് ജനീഷ് കുമാർ വിളിച്ചുപറഞ്ഞു: വെള്ളാപ്പള്ളി

Monday 13 February 2023 2:43 AM IST

റാന്നി : കോന്നി താലൂക്ക് ഒാഫീസിലെ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്ര പോയ സംഭവത്തിൽ കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ഇടപെടലിനെ ന്യായീകരിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശരിയെന്ന് തോന്നുന്നതാണ് ജനീഷ് കുമാർ വിളിച്ചു പറഞ്ഞത്. താലൂക്ക് ഒാഫീസിൽ നിന്ന് ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തു പോകുന്നത് ശരിയാണോ. ഒരു സർക്കാരിന്റെ വരുമാനത്തിൽ പകുതിയോളം ശമ്പളത്തിനും പെൻഷനും ചെലവഴിക്കുകയാണ്. ശമ്പളം കൊടുത്തില്ലെങ്കിൽ എന്തായിരിക്കും നാട്ടിലെ സ്ഥിതി. ഉദ്യോഗസ്ഥർ ചെയ്തത് തെറ്റാണ്. ഉദ്യോഗസ്ഥർ പാറമടക്കാരുടെ വണ്ടിയിൽ പോയെന്ന് എം.എൽ.എ പറഞ്ഞതിൽ തെറ്റുണ്ട്. വണ്ടിയുള്ളത് പാറമടക്കാർക്കും കള്ളുഷാപ്പുകാർക്കും ഒക്കെയായിരിക്കും.പാവങ്ങൾക്ക് വലിയ വണ്ടിയുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. മാടമൺ ശ്രീനാരായണ കൺവെൻഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനീഷ് കുമാർ എം.എൽ.എയും വേദിയിലുണ്ടായിരുന്നു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ അദ്ധ്യക്ഷത വഹിച്ചു.