ആയുസ് നീട്ടി നീട്ടി 1800 സൂപ്പർ ക്ലാസ് ബസുകൾ

Monday 13 February 2023 2:49 AM IST

തിരുവനന്തപുരം:ആയിരക്കണക്കിന് കിലോമീറ്ററുകൾ നല്ല വേഗതയിൽ സഞ്ചരിക്കുന്ന ദീർഘദൂര സൂപ്പർ ക്ലാസ് ബസുകൾ അഞ്ച് വർഷ കാലാവധി കഴിഞ്ഞും ഓടിക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്നു. ഇന്നലെ തൃശൂരിൽ ഓടുമ്പോൾ തീ പിടിച്ച സൂപ്പർഫാസ്റ്റിനും ഗതാഗത വകുപ്പ് കാലാവധി നീട്ടി നൽകിയതാണ്.

നിലവിലുള്ള 1800 സൂപ്പർ ക്ലാസ് ബസുകളുടെയും കാലാവധി തീർന്നതാണ്. ഇതിൽ 159 ബസുകളുടെ പഴക്കം പത്ത് വർഷമാകുന്നു.

പുതിയ ബസ് അഞ്ചു വ‌‌‌ർഷം മാത്രമേ സൂപ്പർ ക്ലാസ് സർവീസ് നടത്താവൂ. അതു കഴിയുമ്പോൾ ഓർഡിനറിയാക്കണമെന്നാണ് നിയമം. അത് പാലിക്കാതെയാണ് കാലാവധി കഴിഞ്ഞ ബസുകൾക്ക് ആയുസ് നീട്ടി നൽകുന്നത്.

പുതിയ ബസുകൾ അഞ്ച് വർഷം തുടർച്ചയായി ദീർഘദൂര സർവീസ് നടത്തുമ്പോൾ എൻജിനിൽ ഉൾപ്പെടെ മൊത്തത്തിലുണ്ടാവുന്ന തേയ്‌മാനവും ഇലക്ട്രിക്കൽ സ‌ർക്കീട്ടിലെ തകരാറുകളും അറ്റകുറ്റപ്പണിയുടെ അഭാവവും തീപിടിത്തം ഉൾപ്പെടെയുള്ള അപകടങ്ങൾക്കിടയാക്കാം.

10 വയസായ 159 ബസ്

2018ൽ 159 ബസുകൾ 5 വർഷം പൂർത്തിയാക്കി

പിന്നെ രണ്ട് വർഷം വീതം രണ്ട് തവണ ആയുസ് നീട്ടി.

കഴിഞ്ഞ നവംബറിൽ 9 വർഷം പൂർത്തിയാക്കി.

ശബരിമല സീസണിന്റെ പേരിൽ ഒരു കൊല്ലം കൂടി നീട്ടി

രണ്ടും ഒരാൾ

ബസുകളുടെ കാലാവധി നീട്ടാൻ കെ.എസ്.ആർ.ടി.സി എം.ഡി ഗതാഗത വകുപ്പ് സെക്രട്ടറിക്കാണ് കത്ത് നൽകേണ്ടത്. എം. ഡിയും സെക്രട്ടറിയും ബിജു പ്രഭാകറായതിനാൽ തടസങ്ങളൊന്നും ഉയരില്ല. മറ്റ് കാര്യങ്ങളെല്ലാം വേഗത്തിൽ നടക്കുകയും ചെയ്യും.

നിവൃത്തിയില്ലാതെ

290 ഇ ബസുകൾ വാങ്ങാൻ കിഫ്ബി വായ്പ ലഭ്യമാക്കാമെന്ന് വാഗ്ദാനം നടപ്പായിട്ടില്ല. സർക്കാർ ഗ്രാന്റിൽ 265 ഡീസൽ ബസ് വാങ്ങാനുള്ള നടപടികൾ അവസാന ഘട്ടത്തിലെത്തിയപ്പോൾ എവിടെയോ 'വിഘ്നം' വന്നു. വീണ്ടും ടെൻഡർ വിളിച്ചിരിക്കുകയാണ്. പുതിയ ബസുകൾ എത്തുന്നതു വരെ സർവീസിന് കാലാവധി കഴിഞ്ഞ ബസുകളേ ഉള്ളൂ.

''കലാവധി കഴിഞ്ഞ ബസുകൾ ഓ‌ർഡിനറി സർവീസിന് ഉപയോഗിക്കണം. ഇപ്പോൾ ഓടുന്ന സൂപ്പർക്ലാസ് ബസുകൾക്ക് അപകട സാദ്ധ്യതയില്ലെന്ന് ഉറപ്പാക്കണം.''

ആർ.അയ്യപ്പൻ, വർക്കിംഗ് പ്രസിഡന്റ്, കെ.എസ്.ആർ.ടി.സി ഡ്രൈവേഴ്സ് യൂണിയൻ.