ആദിവാസി യുവാവിന്റെ മരണം കുറ്റക്കാർക്കെതിരെ നടപടി വേണം: കെ.സുരേന്ദ്രൻ

Monday 13 February 2023 2:56 AM IST

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പിനെത്തിയ ആദിവാസി യുവാവ് വിശ്വനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. വയനാട് സ്വദേശിയായ യുവാവിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ ശക്തമായ നടപടിയെടുക്കണം. അട്ടപ്പാടി മധുവിന് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിന് സമാനമായ രീതിയിലാണ് വിശ്വനാഥനെതിരെയും ഉണ്ടായത്. മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊല്ലുന്ന നിലയിലേക്ക് സമൂഹം എത്തി. ദളിത്,ആദിവാസി വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർദ്ധിക്കുകയാണ്. സംഭവത്തിൽ പൊലീസിന്റെ അനാസ്ഥ വ്യക്തമാണ്. വിശ്വനാഥനെ കാണാതായ ദിവസം ബന്ധുക്കൾ പരാതി നൽകിയിട്ടും അന്വേഷണം നടത്താൻ കൂട്ടാക്കാതിരുന്ന പൊലീസ് അവരെ അധിക്ഷേപിക്കുകയായിരുന്നു. പിണറായി സർക്കാരിന്റെ ഭരണത്തിൽ കേരളം ആൾക്കൂട്ട മർദ്ദനങ്ങളുടെ പേരിൽ കുപ്രസിദ്ധിയാർജിക്കുകയാണെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.