ഭാരത് ജോഡോ യാത്രയ്‌ക്ക് ശേഷം രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ; കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിന്റെ വീട് സന്ദർശിക്കും
വയനാട്: ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ശേഷം ഇതാദ്യമായി വയനാട് എം.പി രാഹുൽഗാന്ധി ഇന്നലെ മണ്ഡലത്തിലെത്തി. രാത്രി ഒൻപതിന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ രാഹുൽ ഇവിടെനിന്നും കൽപ്പറ്റ പി.ഡബ്ളു.ഡി ഗസ്‌റ്റ് ഹൗസിലെത്തി. ഇന്നലെ വിമാനത്താവളത്തിൽ രാഹുലിന് വൻ സ്വീകരണമാണ് ലഭിച്ചത്. ഇന്ന് മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം രാത്രി തന്നെ ഡൽഹിയ്‌ക്ക് മടങ്ങും.
രാവിലെ ഒൻപത് മണിക്ക് കൽപ്പറ്റ മണിയൻകോട് കോൺഗ്രസ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിക്കും. 10ന് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 12ന് ആസ്‌പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം അവലോകന യോഗത്തിലും 12 30ന് ജില്ലാ ഇലക്ട്രിസിറ്റി കമ്മിറ്റി യോഗത്തിലും പങ്കെടുക്കും. തുടർന്ന് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാനന്തവാടി പുതശ്ശേരിയിലെ തോമസിന്റെ വീട് സന്ദർശിക്കും.
വൈകിട്ട് 3 30ന് മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഒരുക്കിയ പൊതുസമ്മേളനത്തിൽ രാഹുൽഗാന്ധി പങ്കെടുക്കും.എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, താരിഖ് അൻവർ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. രാത്രി 8.50ന് കരിപ്പൂരിൽ നിന്നുള്ള വിമാനത്തിൽ ഡൽഹിയ്‌ക്ക് മടങ്ങും.