'മേം കർത്താവായി വന്നാൽ.. ' ഹിന്ദി പഠിച്ച് പരീക്ഷയെഴുതി ഇറ്റാലിയൻ ദമ്പതികൾ

Monday 13 February 2023 7:54 AM IST
കോട്ടൺഹിൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഹിന്ദി പ്രഥമ പരീക്ഷയെഴുതുന്ന ഇറ്റാലിയൻ ദമ്പതികളായ മാവോ സരന്ദ്രിയയും ഭാര്യ മരീന മട്ടിയോലിയും

തിരുവനന്തപുരം: 'നമസ്‌ക്കാർ...ആപ്പ് കൈസാ ഹെ?' കോവളത്തെ സ്വന്തം ഹോംസ്റ്രേയിലെത്തുന്ന ഉത്തരേന്ത്യൻ ടൂറിസ്റ്റുകളോട് ഒഴുക്കോടെ ഹിന്ദി പറഞ്ഞ് കുശലാന്വേഷണം നടത്തുകയാണ് ഇറ്റാലിയൻ ദമ്പതികളായ മാവോ സരന്ദ്രിയും മരീന മട്ടിയോലിയും. 'മുറി ഹിന്ദി'യല്ല ഇറ്റാലിയൻ ഭാഷപോലെ വഴങ്ങും ഇവർക്ക് ഇപ്പോൾ ഇന്ത്യയുടെ ദേശീയ ഭാഷ.

ഏഴ് മാസം മുമ്പ് ഹിന്ദി പഠനം തുടങ്ങി. ശനിയാഴ്ച കോട്ടൺഹിൽ ഗവ.ഗേൾസ് സ്‌കൂളിൽ കേരള ഹിന്ദി പ്രചാരസഭയുടെ 'പ്രഥമ' പരീക്ഷയെഴുതി. റിസൾട്ട് വന്നാൽ തുടർ കോഴ്‌സുകളായ ദൂസരി മുതൽ സാഹിത്യാചാര്യ വരെ പഠിക്കാനും ആഗ്രഹം. ഹോംസ്റ്റേയിൽ എത്തുന്നവർ ഏറെയും ഉത്തരേന്ത്യക്കാരായതിനാൽ ആശയവിനിമയം സുഗമമാക്കാൻ സ്പോക്കൺ ഹിന്ദി പഠിക്കാനാണ് പ്രചാരസഭയിലെത്തിയത്. തുടർന്ന് അവിടത്തെ മറ്റു കോഴ്സുകളെക്കുറിച്ചറിഞ്ഞ് അതും പഠിക്കാൻ തീരുമാനിക്കുകയായിരുന്നു. ഹിന്ദി അനായാസം ഏഴുതാനും വായിക്കാനും പഠിച്ചു. എന്നാൽ, ഇപ്പോഴും മലയാളം തപ്പിതടഞ്ഞേ പറയൂ.

17 കൊല്ലം മുമ്പാണ് ഇറ്റലിയിലെ ടൂറിസം, എയർലൈൻ ബിസിനസുകൾ അവസാനിപ്പിച്ച് 65കാരൻ മാവോയും 63കാരി മരീനയും കോവളത്തെത്തി ഹോംസ്റ്റേ തുടങ്ങിയത്. മരണംവരെ ഇന്ത്യയിൽ തുടരണമെന്നും ഇന്ത്യൻ പൗരത്വം നേടണമെന്നും ആഗ്രഹമുണ്ട്. അതിനാൽ ഇന്ത്യയുടെ ദേശീയ ഭാഷ വശമാക്കുന്നതിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഹോംസ്റ്റേയിലെ തിരക്ക് കഴിഞ്ഞാൽ ഹിന്ദി പഠനത്തിനാണ് സമയം ചെലവിടുന്നത്. പ്രേംചന്ദ് അടക്കമുളളവരുടെ കവിതകളും വായിക്കാൻ താത്പര്യമാണ്.

ഹിന്ദുമതം സ്വീകരിച്ചു,

കൃഷ്ണ ഭക്തർ

ഇന്ത്യയോടുള്ള ഇഷ്ടമാണ് ഇരുവരേയും ഇവിടേക്ക് എത്തിച്ചത്. മാവോ മുപ്പത്തിയഞ്ചാം വയസിലും മരീന ഇരുപതാം വയസിലും ഹിന്ദുമതം സ്വീകരിച്ചു. അടിയുറച്ച കൃഷ്‌ണ ഭക്തരാണ്. മക്കൾ പ്രായപൂർത്തിയായ ശേഷം അവരോട് ആലോച്ചിച്ചാണ് കോവളത്തെത്തി ഹോം സ്റ്രേ തുടങ്ങിയത്. റഷ്യ, സിംഗപ്പൂർ, ഇറ്റലി, ആസ്ട്രേലിയ തുടങ്ങിയ ഇടങ്ങളിൽ നിന്നടക്കം ടൂറിസ്റ്റുകൾ എത്താറുണ്ട്. മൂത്ത മകൻ ക്ലൗദിയ ഇറ്റലിയിൽ ഡോക്‌ടറാണ്. രണ്ടാമത്തെ മകൻ വിഷ്‌ണുപാദ ഇറ്റലിയിൽ ഹിന്ദുമത സന്ന്യാസിയും.

''ഹിന്ദി പഠിക്കാൻ വിദേശ ദമ്പതികൾ കാണിച്ച താത്പര്യം പ്രശംസനീയമാണ്. അവരുടെ പഠനം ഞങ്ങൾക്ക് കൗതുകത്തിനപ്പുറം അത്ഭുതമായിരുന്നു.

ഗോപകുമാർ.എസ്

പ്രസിഡന്റ്, കേരള ഹിന്ദി പ്രചാരസഭ

Advertisement
Advertisement