സി.പി.എമ്മിന് കോൺഗ്രസ് വിരുദ്ധ വികാരം മാത്രം: കെ.സി.വേണുഗോപാൽ

Monday 13 February 2023 7:57 AM IST

കൊച്ചി: കേരളത്തിലെ സി.പി.എമ്മിന് കോൺഗ്രസ് വിരുദ്ധ വികാരം മാത്രമേയുള്ളൂവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു . കോൺഗ്രസ് ആഹ്വാനം ചെയ്ത ഭവന സന്ദർശന പരിപാടി 'ഹാഥ് സേ ഹാഥ് അഭിയാന്റെ' സംസ്ഥാനതല ഉദ്ഘാടനം വടുതലയിൽ നിർവഹിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയാണ് കോൺഗ്രസിന്റെ മുഖ്യശത്രു. അതുകൊണ്ടാണ് ത്രിപുരയിൽ സി.പി.എമ്മുമായി ധാരണയുണ്ടാക്കിയത്. അവിടെ സി.പി.എമ്മിന്റെ അക്രമം ഏറ്റവും കൂടുതൽ നേരിട്ടിട്ടുള്ളത് കോൺഗ്രസാണ്. എന്നിട്ടും ബി.ജെ.പിയുടെ ഫാസിസത്തെ തകർക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തിന് വേണ്ടിയാണ് അവരുമായി യോജിച്ചത്.ജനാധിപത്യവും പൈതൃകവും കശാപ്പ് ചെയ്യുന്ന ബി.ജെ.പിക്കെതിരെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കൂട്ടായ പോരാട്ടമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. കേരളത്തിലെ സി.പി.എമ്മിന് ബി.ജെ.പിയല്ല, കോൺഗ്രസാണ് ശത്രു. മറ്റിടങ്ങളിൽ അങ്ങനെയല്ല. ഇങ്ങനെയൊരു രാഷ്ട്രീയം എന്തിനു വേണ്ടിയെന്ന് അവരുടെ അണികളിൽ പലരും ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്.. ഇതൊക്കെ സീതാറാം യെച്ചൂരി കേരളത്തിലെ സി.പി.എം നേതാക്കൾക്കും പറഞ്ഞു കൊടുക്കണം.

കെ.പി.സി.സി. പുന:സംഘടന സുഗമമായി നടക്കും.മോദി സർക്കാരിനും കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനും എതിരായ കുറ്റപത്രം എല്ലാ വീടുകളിലും എത്തിക്കും. പദയാത്രകളും ഭവന സന്ദർശനവും നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു.

Advertisement
Advertisement